അഡോൾഫ് ഹിറ്റ്ലറിന് കീഴിലെ ജര്‍മനിയുമായി മോദി ഭരണകൂടത്തിന് സമാനതകളുണ്ടെന്ന് സി.പി.ഐ (എം.എല്‍) ലിബറേഷന്‍

അഡോൾഫ് ഹിറ്റ്ലറിന് കീഴിലെ ജര്‍മനിയുമായി പലകാര്യത്തിലും മോദി ഭരണകൂടത്തിന് സമാനതകളുണ്ടെന്ന് സി.പി.ഐ (എം.എല്‍) ലിബറേഷന്‍. നാസി ജര്‍മനിക്കും ബി.ജെ.പിക്ക് കീഴിലെ ഇന്ത്യക്കും സമാനതകളുണ്ട്. ആഭ്യന്തര ശത്രുവിന് എതിരായ വെറുപ്പും അക്രമവും (ജൂതരും മറ്റ് ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകളും ആയിരുന്നു ജര്‍മനിയെങ്കിൽ ഇന്ത്യയില്‍ മുസ്ലിംകളും ദലിതരും എല്ലാ തരത്തിലുള്ള പ്രത്യയശാസ്ത്ര എതിരാളികളാണ്), ഏറ്റവും ഉന്നതനായ ഒരു നേതാവിനെ ചുറ്റിപ്പറ്റി ജനങ്ങളുടെ വികാരം മോശമായി മുതലെടുത്ത് വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കുന്നത്, തെറ്റായ കാര്യങ്ങളും അപവാദവും തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നത് എന്നിവ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ഇന്ത്യയിലുള്ളത് ഫാഷിസത്തിന്റെ വളര്ച്ചയാണെന്നതില് സംശയമില്ലെന്നും പഞ്ചാബിലെ മന്‍സയില്‍ ബുധനാഴ്ച അവസാനിച്ച പത്താം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിൽ പറയുന്നു. മുസോളിനിയും ഹിറ്റ്ലറും ദൃഷ്ടാന്തമാക്കിയ സൈനിക, പൗരുഷ അധിഷ്ഠിതമായ അമിത രാജ്യസ്നേഹ പ്രത്യയശാസ്ത്രത്തെയാണ് ആര്.എസ്.എസ് 1920 മുതല്‍ മാതൃകയാക്കുന്നത്. 1947ന് ശേഷമുള്ള ഏറ്റവുംവലിയ രാഷ്ട്രീയ ദുരന്തമായി വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളെ അംഗീകരിക്കണം. ഇടത് ശക്തികള്‍ക്ക് നേരിട്ട് മത്സരിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളൊഴികെയുള്ള ഇടത് ഇതര ക്യാമ്പില്‍ ഫാഷിസ്റ്റുകള്‍ ആരെന്നും അങ്ങനെ അല്ലാത്തവർ ആരെന്നും കണ്ടെത്തി ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം.
ഫാഷിസത്തെ തെരഞ്ഞെടുപ്പിന്റെ വെല്ലുവിളിയില്‍ മാത്രമായി ചുരുക്കാൻ പാടില്ല. വളര്‍ന്നുവരുന്ന തൊഴിലില്ലായ്മയില്നിന്നുള്ള ആശങ്കയും അമര്‍ഷവും ഇസ്ലാമോഫോബിയയും അന്യവിദ്വേഷവും വളര്‍ത്തി മോദി സര്‍ക്കാറിന്റെ സാമ്പത്തിക ദുരന്തത്താല്‍ തൊഴിലില്ലാതായവരില്നിന്ന് ഫാഷിസ്റ്റ് ശക്തികള്‍ പടയാളികളെ റിക്രൂട്ട് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha


























