ആയുഷ് കോഴ്‌സ് കഴിഞ്ഞാല്‍ അലോപ്പതി ചികിത്സ പാടില്ല; യോഗ്യതയില്ലാത്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് തടവും പിഴയും

ആയുഷ് ഡോക്ടര്‍മാര്‍ക്ക് (ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, യോഗ, സിദ്ധ) ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സയ്ക്ക് അനുമതി നല്‍കുന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലെ വിവാദ വ്യവസ്ഥ കേന്ദ്ര മന്ത്രിസഭാ യോഗം നീക്കം ചെയ്തു. എം.ബി.ബി.എസ് പരീക്ഷ പാസായവര്‍ പ്രാക്ടീസിന് എക്‌സിറ്റ് പരീക്ഷ കൂടി പാസാകണമെന്ന വ്യവസ്ഥയും ഒഴിവാക്കി. എം.ബി.ബി.എസ് ഫൈനല്‍ പരീക്ഷ എക്‌സിറ്റ് പരീക്ഷയായി കണക്കാക്കും.
വളരെയേറെ വിവാദമുയര്‍ത്തിയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്ററില്‍ അവതരിപ്പിച്ചെങ്കിലും , പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി കഴിഞ്ഞാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഭേദഗതികള്‍ വരുത്തിയത്. ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിക്കുന്നതിനുള്ളതാണ് ബില്‍. ആരോഗ്യ മേഖലയില്‍ ഓരോ സംസ്ഥാനവും നേരിടുന്നത് വ്യത്യസ്ത വെല്ലുവിളികളാണെന്നും, അത് നേരിടുന്നതിനുള്ള തീരുമാനം സംസ്ഥാന തലത്തിലാണ് എടുക്കേണ്ടതെന്നുമാണ് ബ്രിഡ്ജ് കോഴ്‌സ് ഒഴിവാക്കുന്നതിന് കാരണമായി ആരോഗ്യ സ്റ്റാന്‍ഡിംഗ് പറഞ്ഞത്. ഈ ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളില്‍ വീണ്ടും സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കല്‍പ്പിത സര്‍വകലാശാലകള്‍ക്കും ഇത് ബാധകമായിരിക്കും. കേരളത്തില്‍ ഇക്കഴിഞ്ഞ മെഡിക്കല്‍ പ്രവേശനത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റിലും ഉയര്‍ന്ന ഫീസാണ് ( 5ലക്ഷം വരെ)ഈടാക്കിയത്. സര്‍ക്കാര്‍ ഫീസാവുമ്പോള്‍ പാവപ്പെട്ട കൂടുതല്‍ കുട്ടികള്‍ക്ക് ഡോക്ടര്‍മാരാവാം.
സര്‍ക്കാര്‍ ഫീസ് 40ശതമാനം സീറ്റിലാണ് ബില്ലില്‍ നേരത്തേ നിശ്ചയിച്ചിരുന്നത്. വ്യാജ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തി.
മെഡിക്കല്‍ കമ്മിഷനിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികളുടെ എണ്ണം മൂന്നില്‍ ആറാക്കി. 25 അംഗങ്ങളുള്ള കമ്മിഷനില്‍ 21പേരും ഡോക്ടമാര്‍.
ചട്ടങ്ങള്‍ പാലിക്കാത്ത മെഡിക്കല്‍ കോളേജുകളില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുന്ന വ്യവസ്ഥയിലും മാറ്റം . മുന്നറിയിപ്പ്, ഉചിതമായ പിഴ, സീറ്റുകള്‍ വെട്ടിക്കുറയ്ക്കല്‍, പ്രവേശന നിരോധനം തുടങ്ങി ഘട്ടംഘട്ടമായിട്ടാവും നടപടി .
https://www.facebook.com/Malayalivartha


























