'സ്റ്റെർലൈറ്റ്' ഇനി ഒരിക്കലും തുറന്ന് പ്രവർത്തിക്കില്ല; മലിനീകരണമുണ്ടാക്കിയ വിവാദ ചെമ്പ് പ്ലാന്റ് സർക്കാർ അടച്ചു പൂട്ടി

തമിഴ്നാട്ടിൽ മലിനീകരണമുണ്ടാക്കിയ സ്റ്റെർലൈറ്റിന്റെ വിവാദ ചെമ്പ് പ്ലാന്റ് സർക്കാർ അടച്ചുപൂട്ടിയാതായി റിപ്പോർട്ടുകൾ. പ്ളാന്റ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദീർഘനാളായി അവിടെ സമരം നടന്നുവന്നത്. പ്ലാന്റ് ഇനി ഒരിക്കലും തുറന്ന് പ്രവർത്തിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം പറഞ്ഞു.
പ്ലാന്റിനെതിരെ പ്രക്ഷോഭം നടത്തിയ നാട്ടുകാർക്ക് നേരെയുണ്ടായ വെടിവയ്പിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്ലാന്റിന്റെ വികസന നിർമ്മാണങ്ങൾ മദ്രാസ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. വെടിവയ്പിനെ കുറിച്ച് റിട്ട. ജഡ്ജി അരുണ ജഗദീശനെ അന്വേഷണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ചിട്ടുണ്ട്.
അതേസമയം പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിവച്ചത് കരുതിക്കൂട്ടിയാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് വാഹനത്തിനു മുകളിൽ കയറിനിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെടി വയ്ക്കുമെന്ന മുന്നറിയിപ്പ് നൽകുകയോ ആകാശത്തേക്ക് വെടി വയ്ക്കുകയോ ചെയ്യാതെയായിരുന്നു പൊലീസിന്റെ നടപടി.
https://www.facebook.com/Malayalivartha


























