മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം

മുംബൈയിലെ ഘട്‌കോപറില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലാണ് അപകടം നടന്നത്. ഘട്‌കോപറിലെ സര്‍വോദയ് നഗറില്‍ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ തുറസായ സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. വീണയുടന്‍ വിമാനത്തില്‍ തീ ആളിപ്പടര്‍ന്നു. അന്തരീക്ഷമാകെ കറുത്ത പുക നിറയുകയും ചെയ്തു. ജുഹുവില്‍ ഇറങ്ങാനിരുന്ന വി.ടിയു.പി.ഇസഡ് കിങ് എയര്‍ സി90 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
മുംബൈ യു.വൈ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെതാണ് വിമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിമാനം നേരത്തെയും അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പാന്‍പരാഗ് കമ്പനി ഉടമകളായ കോത്താരി സഹോദരന്‍മാര്‍ക്ക് 2014ല്‍ വിറ്റതാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്‌നിഷ് അവസ്തി അറിയിച്ചു.
അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു. അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























