ബദ്ധശത്രുവാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്ന കുഞ്ഞാപ്പയെ ജലീല്‍ കൈ കൊടുത്താനയിച്ചു; ചെറുതായിട്ടൊന്ന് കെട്ടിപ്പിടിച്ചു; പഴയ കുറ്റിപ്പുറം തെരഞ്ഞെടുപ്പു ഫലത്തെ തല്‍ക്കാലം അട്ടത്തു വെച്ചു; കുറച്ചുകൂടി ഗാഢമായ കെട്ടിപ്പിടിത്തത്തിന് സമയമായി എന്ന് ഓര്‍മിപ്പിക്കുന്നതായി ആ ആലിംഗനം; മുഖ്യന്റെ മുന്നില്‍ അമിത വിനയം കൊണ്ടായിരിക്കണം കുഞ്ഞാപ്പയുടെ മുതുകൊന്നു കുനിഞ്ഞു; കുഞ്ഞാപ്പ ചതിച്ചു! കെ ടി ജലീൽ വഴി എൽ ഡി എഫിൽ കോണി ചാരി

സുഹൃത്തുക്കളേ നിങ്ങളറിഞ്ഞു കാണും. അടുത്ത ദിവസം കുറ്റിപ്പുറത്തൊരു നിക്കാഹ് നടന്നു. കൂട്ടത്തില്‍ ഒരു നിക്കാഹ് ഉറപ്പിക്കലും. കല്യാണങ്ങള്‍ നാട്ടിലെമ്പാടും എന്നും നടക്കുന്നുണ്ടല്ലോ അപ്പോള്‍ കുറ്റിപ്പുറത്തെ നിക്കാഹിനെന്താണ് പ്രത്യേകത എന്നായി രിക്കും നിങ്ങള്‍ ചോദിക്കാന്‍ പോകുന്നത്. തീര്‍ച്ചയായും അതിനൊരു പ്രത്യേകതയുണ്ട്. നിക്കാഹിനില്ലെങ്കിലും ഉറപ്പിക്കലിനുണ്ട്. അതൊരു വെറും നിക്കാഹായിരുന്നില്ല. അതിനൊരു പ്രതീകാത്മക ഭംഗിയുണ്ടായിരുന്നു.
അല്ലാതെ ഒരാണും പെണ്ണും തമ്മിലുള്ള കല്യാണത്തില്‍ എന്തു വാര്‍ത്തയാണുള്ളത്. ക്ഷമിക്കണം. കാര്യങ്ങള്‍ ഇനി വിശദമായിപ്പറയാം. കുറ്റിപ്പുറമായിരുന്നു നിക്കാഹിന്റെ വേദി. നിക്കാഹുറപ്പിക്കലിന്റേയും. അപ്പോള്‍ തന്നെ കഥാപാത്രങ്ങളെ നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകും. പക്ഷേ ഇവിടെ വധൂവരന്മാര്‍ക്ക് പ്രാധാന്യമൊന്നുമില്ല. അവരുടെ കാരണവര്‍ക്കാണ് പ്രസക്തി. കൂട്ടത്തില്‍ നിക്കാഹില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കും. കാരണവര്‍ മറ്റാരുമല്ല. തവന്നൂര്‍ എം.എല്‍ യും മുന്‍ മന്ത്രിയുമായ കെ.ടി ജലീല്‍. അതിഥികള്‍ ആരെന്നല്ലേ. നമ്മുടെ മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍. പിന്നെ നമ്മുടെ പ്രീയപ്പെട്ട കുഞ്ഞാപ്പ. പി.കെ.കുഞ്ഞാലിക്കുട്ടി.
ആറുവര്‍ഷമായി അധികാരത്തില്‍ നിന്നു മാറിനില്‍ക്കുന്നതിന്റെ ചെടിപ്പുണ്ടായിരുന്നു സദാ ചന്ദനം പോലെ വെളുത്തു തുടത്തിരിക്കുന്ന ആ മുഖത്ത്. മുഖ്യന്റെ മുന്നില്‍ അമിത വിനയം കൊണ്ടായിരിക്കണം മുതുകൊന്നു കുനിഞ്ഞു. നട്ടെല്ലു വളഞ്ഞതാണെന്ന് ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്. അങ്ങനെ സംഭവിച്ചു പോയതാണ്. എങ്ങനെയെങ്കിലും. എന്നൊരു ഭാവമായിരുന്നു മുഖത്ത്. ബദ്ധശത്രുവാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്ന കുഞ്ഞാപ്പയെ ജലീല്‍ കൈകൊടുത്താനയിച്ചു.
ചെറുതായിട്ടൊന്ന് കെട്ടിപ്പിടിച്ചു. പഴയ കുറ്റിപ്പുറം തെരഞ്ഞെടുപ്പു ഫലത്തെ തല്‍ക്കാലം അട്ടത്തു വെച്ചു. കുറച്ചുകൂടി ഗാഢമായ കെട്ടിപ്പിടിത്തത്തിന് സമയമായി എന്ന് ഓര്‍മിപ്പിക്കുന്നതായി ആ ആലിംഗനം. അങ്ങനെയൊന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതായി കുഞ്ഞാപ്പയുടെ മുഖം. നേരത്തെ കണ്ട വിളര്‍ച്ച മാറി. അധികാരത്തിലുരുന്ന കാലത്തുണ്ടായിരുന്ന പ്രസരിപ്പ് ആ മുഖത്തേക്ക് തിരിച്ചു വന്നു. രക്തം അരിച്ചു കയറി. തൊട്ടടുത്തുണ്ടായിരുന്ന മുഖ്യമന്ത്രിയും ആലംഗനത്തില്‍ തൃപ്തനാണെന്ന് തോന്നി.
ചരിക്കാന്‍ മടിക്കുന്ന മുഖത്ത് ചെറിയൊരു പ്രകാശം പരന്നു. അത് കുഞ്ഞാപ്പയുടെ മുഖത്തും പ്രതിഫലിച്ചു. കാര്യങ്ങള്‍ ആഗ്രഹിച്ച വഴി തന്നെ വരുന്നതിന്റെ പ്രകാശം. ജലീല്‍, കുഞ്ഞാപ്പകാണാതെ മുഖ്യനെ നോക്കി വെളുക്കെ ഒന്നു ചിരിച്ചു. എല്ലാവര്‍ക്കും സന്തോഷം. ജലീലിന്റെ രണ്ടു മക്കളുടെ കല്യാണമാണ് ഒരു വേദിയില്‍ നടന്നത്. ഒരു തരി പൊന്നു പോലും വധൂവരന്മാരുടെ ദേഹത്തുണ്ടായിരുന്നില്ല. മഹറായി നല്‍കിയത് ഖുറാന്റെ സുന്ദരമായൊരു പാഠം മാത്രം.
എല്ലാ അര്‍ഥത്തിലും മാതൃകാ പരമായ നിക്കാഹ്. എല്ലാവര്‍ക്കും സന്തോഷം നെയ്‌ച്ചോറും ബിരിയാണിയും കഴിച്ചപ്പോള്‍ അല്‍പം ക്ഷീണം എല്ലാവരുടേയും മുഖത്തുവന്നു. എന്നാല്‍ അതിനെ മറക്കാന്‍ പോന്നതായിരുന്നു. നേരത്തെ സൂചിപ്പിച്ച പ്രതീകാത്മത. മൂന്നാമത് നടന്നത് ഒരു കല്യാണമാണെന്നു പറയാറായിട്ടില്ല. അതൊരു ഉറപ്പിക്കല്‍ മാത്രമായിരുന്നു. ഉറച്ചു..... നന്നായി ഉറച്ചു. മുഖ്യനും അത് ബോധ്യമായി. എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷം. കുഞ്ഞാപ്പയ്ക്ക് കുറച്ചുകാലമായുണ്ടായിരുന്ന ക്ഷീണമൊക്കെ മാറി. അതിന്റെ സൂചന ഇറങ്ങാന്‍ നേരത്ത് അല്‍പം നാരങ്ങാ വെള്ളം കുടിച്ചപ്പോള്‍ കൂടുതല്‍ വ്യക്തമായി.
കാര്യങ്ങള്‍ ഇവിടെ ശുഭമായി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ 'വെറുമൊരു മോഷ്ടാവായോരെന്ന കള്ളനെന്നു വിളിച്ചില്ലേ' എന്നു പരിതപിക്കേണ്ട അവസ്ഥയിലായി പിന്നെ കുഞ്ഞാപ്പ. അതിന്റെ പൊല്ലാപ്പ് അവസാനിച്ചിട്ടുമില്ല. മുസ്ലീ ലീഗ് ഇടതു പക്ഷത്തേക്കു നീങ്ങുന്നതിന്റെ സൂചനയായി ചില സാമൂഹ്യമാധ്യമ ദ്രോഹികള്‍ കാര്യങ്ങളെ വ്യാഖ്യാനിച്ചു. അടുത്തിടെ കുഞ്ഞാപ്പയും ജലീലും പങ്കെടുത്ത ചില കല്യാണങ്ങളുടെ തീയതിയും സ്ഥലവും അവര്‍ കണ്ടെത്തി. ആരുടേയെങ്കിലും കല്യാണത്തിന് കുഞ്ഞാപ്പയും ജലീലും ഒത്തു കൂടുന്നത് പതിവായിട്ടുണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചു.
രണ്ടു പേരും കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ പടങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു. എ.ആര്‍.ബാങ്ക് ക്രമക്കേടില്‍ രണ്ടു പേരും ഒത്തുചെന്നെന്ന് ദ്രോഹിക്കല്‍ പ്രചരിപ്പിച്ചു. കുറ്റിപ്പുറം വിജയത്തില്‍ ഇപ്പോഴും വീമ്പു പറഞ്ഞു നടക്കുന്ന ജലീലിന്റെ ക്ഷണം കുഞ്ഞാപ്പ സ്വീകരിക്കാന്‍ പാടില്ലായിരുന്നു എന്നു വരെ പ്രചരിപ്പിച്ചു. ലീഗ് നേതാക്കളില്‍ ചിലര്‍ക്ക് ഈ പുതിയ ചങ്ങാത്തം അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ലാ എന്നു പറയുന്നവരുണ്ട്. മുനീറും കെ.എം.ഷാജിയുമാണത്രെ തരിഞ്ഞു നില്‍ക്കുന്നത്. ഷാജിയുടെ ഏനക്കേട് നമുക്ക് മനസിലാകും.
കെ.പി.എ.സി.യുടെ നാടക ഗാനങ്ങള്‍ മനോഹരമായി ആലപിക്കുകയും മ്യൂസിയം ജംഗ്ഷനില്‍ കമ്മ്യൂണിസ്റ്റ് കവി വയലാറിന്റെ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്ത മുനീറിലിലെ ചുവപ്പു വറ്റിയോ എന്നാണ് ചിലര്‍ അത്ഭുതപ്പെടുന്നത്. അധികാരം മുനീറിനും പുളിക്കില്ലല്ലോ. കുറച്ചു നാള്‍ മുമ്പ് ഇടതുമുന്നണി കണ്‍വീനറായ ഇ.പി..ജയരാജന്‍ ഒരു ടെസ്റ്റ് ഡോസ് നല്‍കിയിരുന്നു. മുസ്ലീം ലീഗ് മുന്നണിയിലേക്ക് വരാന്‍ ഒരുക്കമാണെങ്കില്‍ ആലോചിക്കുമെന്നായിരുന്നു അത്. പൊതു സമൂഹത്തിന്റ ഉള്ളറിയാനുള്ള ശ്രമമായിട്ടത് വ്യാഖ്യാനിക്കപ്പെട്ടു.
പുറത്തുനിന്നുള്ള ചൂട് കനത്തപ്പോള്‍ ജയരാജന് പറഞ്ഞില്‍ നിന്ന് തല്‍ക്കാലം പിന്‍വലിയേണ്ടിവന്നു. മറ്റു പലനേതാക്കളും പ്രതികരിക്കാനിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരവും ഉരിയാടിയില്ല. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലവട്ടം മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ചെങ്കിലും ഒരക്ഷരവും ഉരിയാടിയില്ല. പിണറായിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജയരാജന്‍ നമ്പരിറക്കിയതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഇക്കാര്യത്തിലുള്ള ആദ്യ വട്ടചര്‍ച്ചകള്‍ക്ക് തുറന്നു വിട്ടിരിക്കുന്നത് ജലീലിനത്തെന്നെയാണ്. ചില നിക്കാഹുകള്‍ കിട്ടിയതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാനുമായി.
കുഞ്ഞാലിക്കുട്ടി -ജലീല്‍ പോരിന്റെ ചൂരും ചൂടും ചിലമാസങ്ങള്‍ക്കു മുമ്പ് നമ്മള്‍ കണ്ടതാണ്. പാര്‍ട്ടി ഇടപെട്ടാണ് അതിനൊരവസാനം കറിച്ചത് അല്‍പം കനത്ത സ്വരത്തില്‍ തന്നെ ജലീലിനെ പാര്‍ട്ടി വിലക്കുകയും ചെയ്തു. പിന്നെ ജലീല്‍ ഒന്നും മിണ്ടിയട്ടുമില്ല. ലീഗില്‍ ചിലര്‍ ചടങ്ങിന് ചില പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അധികാരമില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന ചിന്ത അവരേയും ഭീഷണിയോടെ നോക്കുന്നുണ്ട്. ഇവരെ കയ്യിലെടുക്കാനും നേര്‍വഴിക്കു നടത്താനുമുള്ള തന്ത്രങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ ആവനാഴിയലുണ്ടാകും. സംസ്ഥാനത്തും ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ അവസ്ഥ പരതാപകരമായ പശ്ചാത്തലത്തില്‍ ഇളകി നില്‍ക്കുന്നവരെ ഉറപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് വലിയ പണിയുടെ ആവശ്യം വരില്ല.
അധികാരമില്ലെങ്കില്‍ ലീഗില്ലെന്ന് വിമര്‍ശക വിഡ്ഡികള്‍ എന്നാണ് മനസിലാക്കുന്നത്. ഈ രഹസ്യം എന്നേ കുഞ്ഞാപ്പ മനസിലാക്കിയിരിക്കുന്നു. പച്ചക്കൊടിയും ചുവന്ന കൊടിയും എന്നാണ് ഇനി ഒരുമിച്ച് ഉയരുക എന്നേ കാണേണ്ടതുള്ളു. തൃക്കാക്കര കഴിഞ്ഞ് നമുക്ക് അതും കാണാനുള്ള ഭാഗ്യമുണ്ടാകും. ഇനിയും നിക്കാഹുകള്‍ നടക്കട്ടെ. അതിനിടയില്‍ ഇത്തരം നിക്കാഹ് ഉറപ്പിക്കലുകളും മുറയ്ക്കു നക്കട്ടെ. ഇനി നമുക്ക് മറ്റൊരു നിക്കാഹിന് കാണാം. വിപ്ലവാഭിവാദനങ്ങള്‍.
https://www.facebook.com/Malayalivartha