സി.പി.എമ്മിന്റെ ചരിത്രത്തിലെ സുവര്‍ണാവസരമാണ് ഇലക്ടറല്‍ ബോണ്ട് കേസ് വിജയം; 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ബന്ധമായും നല്‍കണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം; ഒന്നാം മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഇല്ലാതാക്കിയാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടു വന്നത്

സി.പി.എമ്മിന്റെ ചരിത്രത്തിലെ സുവര്‍ണാവസരമാണ് ഇലക്ടറല്‍ ബോണ്ട് കേസ് വിജയം. കേരളം എന്ന ഇട്ടാവട്ടത്ത് മാത്രമുള്ള പാര്‍ട്ടി രാജ്യത്തെ ഏതാണ്ട് ഭൂരിപക്ഷം പാര്‍ട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്. 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ബന്ധമായും നല്‍കണം എന്നതായിരുന്നു ജനപ്രാതിനിധ്യ നിയമം. ഒന്നാം മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഇല്ലാതാക്കിയാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്.
എന്നാല്‍ ബോണ്ട് വഴി മിക്ക പാര്‍ട്ടികളും വ്യക്തികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് വാങ്ങിക്കൂട്ടിയത്. ശരിക്കും പറഞ്ഞാല്‍ നിയമവിധേയമായ അഴിമതായാണെന്ന് പറയാം. അതുകൊണ്ടാണ് സുപ്രീംകോടതി ബോണ്ട് നല്‍കിയവരുടെയും വാങ്ങിയവരുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ആറായിരം കോടിയിലധികം രൂപയാണ് ബി.ജെ.പി വാങ്ങിക്കൂട്ടിയത്.
കോണ്‍ഗ്രസ് രണ്ടായിരം കോടിക്കടുത്തും. ഇവര്‍ രണ്ട് പേരും ഇത് സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. സി.പി.എമ്മിന്റെ ഇടപെടല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ ബി.ജെ.പിയും കോണ്‍ഗ്രസും ഗത്യന്തരമില്ലാതായി.
എന്താണ് ഇലക്ടറല്‍ ബോണ്ടെന്ന് അറിയേണ്ടേ? 2017ലെ കേന്ദ്രബജറ്റില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ജെയ്റ്റ്‌ലിയാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫണ്ട് സമാഹരണത്തിനായി ആവിഷ്‌ക്കരിച്ചതാണ്.1951ലെ ജനപ്രാതിനിധ്യ നിയമം, 1961ലെ ആദായ നികുതി നിയമം, 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമം, 2013ലെ കമ്പനി നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതിയും ധനനിയമഭേദഗതികളും ലോക്‌സഭയില്‍ പണബില്ലായാണ് അവതരിപ്പിച്ചത്.
അന്ന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ മാത്രം പാസാക്കേണ്ട പണബില്ലായി അവതരിപ്പിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോ പിടികിട്ടിയില്ലേ. 2018 ജനുവരു രണ്ടിന് വിജ്ഞാപനം ചെയ്ത ഇലക്ടറല്‍ ബോണ്ട് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നല്‍കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവരുടെ പേരും വിലാസവും ആരോടും വെളിപ്പെടുത്തേണ്ട.
ഇതിലൂടെ ഏത് പാര്‍ട്ടിക്കും കോടിക്കണക്കിന് രൂപ ആരില്‍ നിന്നും സംഭാവന വാങ്ങാനും, അവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാനും അവസരം ഉണ്ടായി. നിയമപോരാട്ടത്തിലൂടെ സി.പി.എം ഇതിന് തടയിടുകയും ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്തു. എന്നിട്ടും അതിന്റെ നേട്ടംകൊയ്യാനാകാതെ പകച്ച് നില്‍ക്കുകയാണ് സി.പി.എം.
ഇതിന് കാരണം കാരണഭൂതനും മകള്‍ വീണാവിജയനുമാണെന്നാണ് സി.പി.എമ്മിലെ പ്രബലവിഭാഗത്തിന്റെ ആക്ഷേപം. സി.പി.എമ്മിന്റെ കരുത്ത് രാജ്യം വീണ്ടും തിരിച്ചറിഞ്ഞത് ഇലക്ടറല്‍ ബോണ്ടിനെതിരായ നിയമയുദ്ധത്തിലൂടെയാണ്. നിയമവിദഗ്ധരും ബുദ്ധിജീവികളും എഴുത്തുകാരും എല്ലാം സി.പി.എമ്മിനെ പ്രശംസിക്കുമ്പോഴും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയില്‍ തട്ടി സര്‍വ്വവും നാശകോടാലിയായിരിക്കുകയാണ്. കേരളത്തിലെവിടെയും ചര്‍ച്ച മാസപ്പടി കേസും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും മാത്രം. കേന്ദ്രനേതൃത്വത്തിലെ പല നേതാക്കളും കടുത്ത അതൃപ്തിയിലാണ്.
തെരഞ്ഞെടുപ്പ് ആയത് കൊണ്ടും കാരണഭൂതനെ തള്ളിക്കളയാനാകാത്ത സാഹചര്യമായതിനാലും പലരും മൗനം പാലിക്കുകയാണ്. ഇലക്ഷന്‍ ഫലം വരുമ്പോള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ നിലമെച്ചപ്പെടുത്തിയില്ലെങ്കില്‍ കറിവേപ്പിലയും പിണറായി വിജയനും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകില്ല. മാസപ്പടി കേസ് കാരണം പ്രാദേശിക പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അനുഭാവികളെ പോലും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാവാത്ത സാഹചര്യമാണുള്ളത്. അത് കൂടാതെയാണ് ബി.ജെ.പിയിലെ ചിലരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുടെ നാറിയ കഥകളും. ഇതിനോടൊക്കെ വ്യക്തമായി പ്രതികരിക്കാനോ, നിയമപോരാട്ടം നടത്താനോ പോലും മുഖ്യമന്ത്രിക്കും മുന്നണി കണ്‍വീനര്‍ക്കും കഴിയുന്നില്ല. സി.പി.എമ്മില്‍ ഇത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ആദ്യമായാണ്. മകള്‍ക്കെതിരായ കേസ്, എ.ഐ ക്യാമറാ ഇടപാട്, രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ചവിട്ടിപ്പിടിക്കല്‍, ഇ.പിയും രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മിലുള്ള ബിസിനസ്സ് ഇടപാടുകള്‍, കരവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡിയുടെ മെല്ലെപ്പോക്ക് വ്യക്തമായ മറുപടിയില്ലാതെ നേതാക്കള്‍ ഒളിച്ചുകളിക്കുന്നു.
ബാലന്‍ വക്കീലൊന്നും പഴയ പോലെ വീണമോള്‍ക്ക് വേണ്ടി വക്കാലത്തുമായി വരുന്നില്ല. ഇതെല്ലാം അണികളിലും പ്രവര്‍ത്തകരിലും പോലും സംശയങ്ങള്‍ ജനിപ്പിക്കുന്നു. അപ്പോള്‍ സാധാരണജനത്തിന്റെ മനസ്സിലെ ചോദ്യങ്ങളെന്തൊക്കെയാകും. ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി തെറ്റ്തിരുത്താന്‍ തയ്യാറാകണമെന്ന് സഹയാത്രികനായ ശ്രീകുമാരന്‍ തമ്പി ആവശ്യപ്പെട്ടത്. വരുന്ന സമ്മേളനത്തിലോ, അല്ലെങ്കില്‍ പ്ലീനത്തിലോ തെറ്റ്തിരുത്തല്‍ നടപടികളുണ്ടാകും.
സി.പി.എമ്മിന്റെ മുന്‍കാല രീതിയനുസരിച്ച് പിണറായിയേയും മകളേയും തള്ളിപ്പറയാനുള്ള സാധ്യത കൂടുതലാണ്. പാര്‍ട്ടിക്ക് വീണ ഉണ്ടാക്കി വെച്ച നാണക്കേടിനെതിരെ വ്യാപക അമര്‍ഷമാണ് താഴേത്തട്ടിലുള്ളത്. സി.എം.ആര്‍.എല്ലിനെ കൂടാതെ 12 കമ്പനികള്‍ കൂടി വീണയുടെ കമ്പനിക്ക് പണം നല്‍കിയെന്ന വിവരങ്ങളും പുറത്തുവന്നു. എന്തിനാണ് ഇവരെല്ലാം ഇങ്ങിനെ പണം നല്‍കിയതെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് നേതാക്കളെ മാത്രമല്ല മക്കളെയും മര്യാദയ്ക്ക് നിര്‍ത്താതെ സി.പി.എമ്മിന് മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യവും ഉള്‍ക്കൊള്ളിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.\
https://www.facebook.com/Malayalivartha


























