വിവരാവകാശം കൊടുത്തിട്ടു പോലും വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല; വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നു എന്ന ഒഴുക്കന്‍ മറുപടി; പിണറായി വിജയന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി

മൂന്നുവര്‍ഷമായി പിണറായി വിജയന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റിസ് റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.ഷോണ്‍ ജോര്‍ജ് . പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് 28 ദിവസംകൊണ്ട് നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ലെന്നും അഡ്വ. ഷോൺജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നു എന്ന ഒഴുക്കന്‍ മറുപടിയാണുള്ളത്. റിപ്പോര്‍ട്ടിലെ 222 നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇത് മുഖ്യമന്ത്രിയുടെ കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്ത് നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താന്‍ തയ്യാറാകണം. 2021 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2020 നവംബറില്‍ ആണ് കമ്മിഷനെ ഏര്‍പ്പാടാക്കുന്നത്. 2023 മെയ്മാസത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത്രകാലവും പൂഴ്ത്തിവച്ചിട്ട് റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കാപട്യമാണ്.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. റിപ്പോര്‍ട്ട് ഇത്രനാളും പൂഴ്ത്തിവച്ചിട്ടും പ്രതികരിക്കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളിക്കൊപ്പം നിന്ന് സഹായിക്കുന്ന കോണ്‍ഗ്രസും ഇക്കാര്യത്തിൽ മറുപടി പറയണം. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇത്തരം ഒളിച്ചുകളി ആര്‍ക്കും ഇല്ലായിരുന്നു. മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും സണ്‍ഡേ സ്‌കൂളുകളെ ഒഴിവാക്കി. രാഷ്ട്രീയ നേതാവായ കെ.എം. ഷാജി മുസ്ലീം സമുദായത്തിനുവേണ്ടി വാദിച്ചാല്‍ മതേതരത്വവും സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ സമുദായത്തിനുവേണ്ടി പറഞ്ഞാല്‍ വര്‍ഗീയമെന്നുമാണ് ആരോപണം.
സംസ്ഥാനത്തെ മതേതരത്വത്തെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും ഷോണ്‍ജോര്‍ജ് ആവശ്യപ്പെട്ടു. കാക്കനാട് സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ രാത്രിസന്ദർശനം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെറും നാടകം മാത്രമായിരുന്നുമെന്നും സഭാ മേലധികാരികളെ കാണാൻ സാധിക്കാതെയാണ് വി.ഡി.സതീശൻ മടങ്ങിയതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























