സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണം; സംസ്ഥാന സർക്കാരിൻ്റെ കെ-റൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്

സംസ്ഥാന സർക്കാരിൻ്റെ കെ-റൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് കെ-റൈസ് വിതരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്.
എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക ജയ അരിയാണ് ഇത്. 40.15 രൂപയ്ക്ക് നമ്മുടെ സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില.
വിജിലൻസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണിത്. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നെങ്കിൽ ഇതിലും കുറവ് പണത്തിന് ലഭിക്കുമായിരുന്നു. ഖജനാവിലെ കോടിക്കണക്കിന് രൂപയാണ് ഇതുവഴി പാഴാവുന്നത്. 12 ലക്ഷം കിലോഗ്രാം അരിയാണ് സർക്കാർ വാങ്ങിയത്. 85 ലക്ഷം കിലോ അരി വേണമെന്നാണ് സർക്കാർ പറയുന്നത്.
21 കോടി 75 ലക്ഷം രൂപ സർക്കാരിന് നഷ്ടം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന അരിക്ക് 10 രൂപ മുതൽ 12 രൂപ വരെ വിലയുള്ള സഞ്ചിയാണ് നൽകുന്നത്. രണ്ട് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സഞ്ചി ലഭ്യമാണെന്നിരിക്കെ 8 കോടിയോളം രൂപ സഞ്ചിക്ക് പാഴാക്കുന്നത് ജനവഞ്ചനയാണ്. നിലവിലെ നിയമം അനുസരിച്ച് കരാറിൽ 3 പേർ എങ്കിലും പങ്കെടുക്കണം. എന്നാൽ ഇവിടെ അതുണ്ടായില്ല. സിപിഎം- സിപിഐ സംയുക്ത അരി കുംഭകോണമാണിത്. അതുകൊണ്ട് കെ-റൈസ് കരാർ അടിയന്തരമായി റദ്ദ് ചെയ്യണം. സമഗ്രമായ അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha