കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പുകഴ്ത്തി പറയുന്ന ശശി തരൂർ രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ കാരണമാണെന്ന് സമ്മതിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ പുകഴ്ത്തി പറയുന്ന ശശി തരൂർ രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചത് കേന്ദ്രസർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ കാരണമാണെന്ന് സമ്മതിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 2023-24 ലെയും 24-25ലെയും കേന്ദ്ര ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായം അനുവദിച്ചു. ഈ വർഷം സ്റ്റാർട്ടപ്പുകളുടെ വായ്പാസഹായം 10 കോടിയിൽ നിന്നും 20 കോടിയായി വർദ്ധിപ്പിച്ചു. 2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്നത് വെറും 4,000 സ്റ്റാർട്ടപ്പുകൾ മാത്രമാണ്.
10 വർഷം കഴിഞ്ഞപ്പോൾ ഒരു ലക്ഷത്തി നാൽപ്പതിനായിരം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ടായി. അതിന്റെ ഭാഗമായിട്ടുള്ള വർദ്ധനവ് മാത്രമാണ് കേരളത്തിലുണ്ടായത്. കേരള സർക്കാർ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ എന്താണ് ചെയ്തതെന്നു കൂടി തരൂർ പറയണം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ യുവാക്കൾ തൊഴിൽ തേടി നാട് വിടുകയാണ്. എന്നാൽ ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറയുന്നത്. പിണറായി വിജയനെ പുകഴ്ത്തിയത് കൊണ്ടല്ല ശശി തരൂരിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. അത് അവരുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് തൃത്താലയിലാണ് ഹമാസ് തീവ്രവാദികളുടെ ചിത്രവുമായി പള്ളി ഉറൂസ് നടത്തിയത് ഞെട്ടിക്കുന്നതാണ്. ഉറൂസിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തിൽ ഹമാസ് തീവ്രവാദികളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ സർക്കാർ കേസെടുക്കണം. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രീണനരാഷ്ട്രീയത്തിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ. നേരത്തെ ഹമാസ് നേതാവ് കേരളത്തിലെ ചില തീവ്രവാദ സംഘടനകൾ നടത്തിയ യോഗത്തെ അഭിസംബോധന ചെയ്തത് ഇതുമായി കൂട്ടിവായിക്കേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha