ആശാവര്‍ക്കര്‍മാരും ക്ഷേമപെന്‍ഷന്‍കാരും കര്‍ഷകരും ജീവിക്കാന്‍ മാര്‍ഗമില്ലാതെ നെട്ടോട്ടമോടുന്നു; പിണറായി വിജയനോളം മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടുണ്ടോ എന്ന് കേരളം ചോദിച്ചുപോകുന്നു

പിണറായി വിജയനോളം മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടുണ്ടോ എന്ന് കേരളം ചോദിച്ചുപോകുന്നു. ആശാവര്‍ക്കര്‍മാരും ക്ഷേമപെന്‍ഷന്‍കാരും കര്‍ഷകരും ജീവിക്കാന്‍ മാര്‍ഗമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനം ലഭിച്ച് ഖജനാവ് തിന്നുമുടിക്കുന്ന ഒരു നിര പ്രമാണികള്‍ക്ക് ലക്ഷങ്ങളുടെ ശംബളവര്‍ധന. അക്ഷരാര്‍ഥത്തില്‍ ഇതു നോക്കുകൂലിയാണ്, പകല്‍ക്കൊള്ളയാണ്. കക്ഷപ്പെട്ടു പഠിച്ച് ഒരു ജോലിക്കായി കാത്തിരിക്കുന്ന 40 ലക്ഷം യുവജനങ്ങളുളള കേരളത്തില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഒരു നിരപേര്‍ക്ക് ലക്ഷവും കോടിയും ശംബളം നല്‍കുന്ന ക്രൂരത.
കേന്ദ്രം ഒന്നു തരുന്നില്ലെന്നും കേരളത്തിനു പണമില്ലെന്നും രാപകല്‍ നിലവിളിക്കുന്ന മുഖ്യമന്ത്രി ഇത്ര മനസാക്ഷിയില്ലാത്ത പണി ചെയ്തല്ലോ എന്നാണ് ശരാശരി മലയാളി ചോദിക്കുന്നത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ജനം തൂത്തെറിയുമെന്നതില്‍ രണ്ടു പക്ഷമില്ല. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായ കെവി തോമസിന് നോക്കുകൂലി ഇനത്തില്‍ ലക്ഷങ്ങളുടെ യാത്രാബത്ത. കേന്ദ്രത്തിലും കേരളത്തിലും കാലങ്ങളോളം മന്ത്രിയായി വിലസിയ തോമസ് അവസാനം കോണ്‍ഗ്രസിനെ വഞ്ചിച്ച് ഇടതുപാളയത്തില്‍ ചേക്കേറിയതാണ്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയതിന്റെ ഉപകാരസ്മരണ ഇത്ര വേണോ എന്നതാണ് ചോദ്യം. പിഎസ്എസിയില്‍ ആധിപത്യം നേടിയ രാഷ്ട്രീയ നിയമനക്കാര്‍ക്ക് മാസം മൂന്നര ലക്ഷവും നാലര ലക്ഷവും. സിപിഎം അനുഭാവികളും പാര്‍ട്ടിക്കൊടി പിടിക്കുന്നവരുമായ പ്ലീഡര്‍മാര്‍ക്ക് ലക്ഷം ലക്ഷം പിന്നാലെ.
141 ഗവണ്‍മെന്റ് ലോ ഓഫീസര്‍മാരും 14 ജില്ലകളിലായി 14 ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍മാരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, 103 അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരും അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും മുന്‍സിഫ് കോടതിയിലെ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ 32 അഭിഭാഷകരും സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന നിരവധി കേസുകളില്‍ ഡല്‍ഹിയില്‍ നിന്ന് കോടികള്‍ പ്രതിഫലം നല്‍കി മുന്‍നിര അഭിഭാഷകരെ സര്‍ക്കാര്‍ ചെലവില്‍ പിണറായി കെട്ടിയിറക്കുകയാണ്. ലക്ഷങ്ങള്‍ വെറുതെ ശംബളം കൊടുക്കുന്ന ഏറെ പ്ലീഡര്‍മാര്‍ക്കും കാര്യമായ പണിയൊന്നുമില്ല. പ്ലീഡര്‍ പദവിയിലുള്ള ഏറെപ്പേരും രാഷ്ട്രീയ നിയമനം നേടിയവരുമാണ്. ബിനോയി വിശ്വത്തിന്റെ മകളും വീണ ജോര്‍ജിന്റെ അനുജത്തിയുമൊക്കെ പ്ലീഡര്‍മാരാണുപോലും.
സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്ന് 1.40 ലക്ഷം ആയും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളം 1.10 ലക്ഷത്തില്‍ നിന്ന് 1.28 ലക്ഷമായും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളം 1 ലക്ഷത്തില്‍ നിന്ന് 1.17 ലക്ഷമായും ഉയര്‍ത്താനാണ് പിണറായിയുടെ നിശ്ചയം. മന്ത്രിസഭ യോഗത്തില്‍ എത്തിയപ്പോള്‍ നിയമ മന്ത്രി പി. രാജീവ് മുഖ്യമന്ത്രിയെ സോപ്പിട്ട് വീണ്ടും ശമ്പളം കുത്തനെ ഉയര്‍ത്തി. സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളം 1.50 ലക്ഷം ആയും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടേത് 1.40 ലക്ഷം ആയും ഗവണ്‍മെന്റ് ഉയര്‍ത്തിയിരിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തുന്നുണ്ട്.
തോമസിന്റെ പ്രതിവര്‍ഷ യാത്രാബത്ത തുക 11.31 ലക്ഷം ആക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നേരത്തെ യാത്ര ബത്തയായി പ്രതിവര്‍ഷം 5 ലക്ഷം രൂപയായിരുന്നു കെ വി തോമസിന് അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു ആവശ്യം.കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായപ്പോള്‍ ശമ്പളം വേണ്ട ഓണറേറിയം മതിയെന്നാണ് കെ വി തോമസ് അറിയിച്ചിരുന്നത്. കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ ഡല്‍ഹിയില്‍ ഗംഭീര ആനുകൂല്യങ്ങളുമുണ്ട്. എന്താണ് ഡല്‍ഹിയില്‍ പണിയെന്നു ചോദിച്ചാല്‍ പിണറായി വിജയനും അറിയില്ല, സഖാവ് എംവി ഗോവിന്ദനും അറിയില്ല.
https://www.facebook.com/Malayalivartha