പ്രവാസികളുടെ കയ്യടി... കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു

ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെത്തി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തി മുരളീധരനാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. ഓരോരുത്തരുടേയും പ്രയാസങ്ങള്‍ നേരിട്ടറിഞ്ഞു. ഏജന്റുമാരുടെ ചതിയില്‍ പെട്ട് ഒരു മാര്‍ഗവുമില്ലാതെ കഴിയുന്നവരെ മന്ത്രി ആശ്വസിപ്പിച്ചു.
ക്യാമ്പില്‍ കണ്ട പത്തോളം പേരെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിങ്ങിന്റെ ഭാഗമായുള്ള എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും മന്ത്രിപറഞ്ഞു.
മടങ്ങിപ്പോകാന്‍ കഴിയാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരിമാരുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുത്. ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിയില്‍പ്പെടാതെ സുതാര്യവും നീതിപൂര്‍വവുമായ സര്‍ക്കാര്‍ ഏജന്‍സി വഴിയുള്ള റിക്രൂട്ടിങ് മാത്രമേ ഇനി അനുവദിക്കുകയുള്ളു. കേരളത്തില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ്ങും നഴ്‌സസ് റിക്രൂട്ടിങ്ങും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായി നിയന്ത്രിക്കും വി.മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ തുടരുന്നതിന് പ്രധാന കാരണം തദ്ദേശവാസികളുടെ നിസഹകരണമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വികസന പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സ്ഥലമെടുക്കുന്നതിന് നാട്ടുകാര്‍ സഹകരിക്കുന്നില്ല. തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസുകള്‍ കുറഞ്ഞുവരുന്നു, വിമാനത്താവളത്തിനുള്ളില്‍ പോര്‍ട്ടര്‍ സര്‍വീസില്ല, ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചിട്ടിരിക്കുന്നു തുടങ്ങിയ പരാതികള്‍ പരിശോധിച്ച് എത്രയും വേഗം പരിഹാരം കാണും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ കുവൈത്ത് അധികൃതരുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളും കേന്ദ്രമന്ത്രി ചര്‍ച്ച ചെയ്യും.
അതേസമയം തന്നെ കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സുമാരും എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം കുവൈത്ത് സര്‍ക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കുന്നതാണ്. അംഗീകൃത ഏജന്‍സി വഴി മാത്രമേ ഗാര്‍ഹിക ജോലിക്കായി കുവൈത്തില്‍ വരാന്‍ പാടുള്ളൂ. നിലവില്‍ വ്യാജ വിസയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കള്‍ക്ക് നാട്ടില്‍ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തില്‍ ദുബായില്‍ തൊഴില്‍ തട്ടിപ്പിനിരയായി ഡാന്‍സ് ബാറിലെത്തിച്ച കോയമ്പത്തൂര്‍ സ്വദേശികളായ നാല് പെണ്‍കുട്ടികളെ മുരളീധരന്‍ രക്ഷപെടുത്തിയിരുന്നു. വി. മുരളീധരന്റെ നിര്‍ദേശപ്രകാരം, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അടിയന്തരനടപടി കൈക്കൊണ്ടത്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കെന്ന പേരിലാണ് പെണ്‍കുട്ടികളെ ദുബായിലെത്തിച്ചത്. ദുബായിലെത്തിയ പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിടുകയും രാത്രി നിര്‍ബന്ധിച്ച് ഡാന്‍സ് ബാറിലെത്തിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha