സൗദിയിൽ ഒറ്റപ്പെട്ടുപോയ മലയാളി കുടുംബം നാട്ടിലെത്തി; ഗൃഹനാഥൻ നാട്ടിൽ ചികിത്സയ്ക്ക് പോയതോടെയാണ് കുടുംബം സൗദിയിൽ ഒറ്റപെട്ടത്

ഗൃഹനാഥൻ ചികിത്സക്ക് നാട്ടിൽ പോയതോടെയാണ് സൗദിയിൽ മലയാളി കുടുംബം ഒറ്റപ്പെട്ടുപോയത് . ആഴ്ചകൾ നീണ്ട മാനസിക സംഘർഷത്തിന് ഒടുവിൽ ആ കുടുംബം നാട്ടിലെത്തി . ജീസാനിലെ സ്വകാര്യ പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഹംസ കൊമ്പൻ ഏതാനും മാസം മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ പോയത്. ഒരു മാസത്തെ ചികിത്സക്കുശേഷം തിരിച്ചെത്താമെന്ന് കരുതിയായിരുന്നു ഇദ്ദേഹം കുടംബത്തെ ജിസാനിൽ തനിച്ചാക്കി നാട്ടിൽ പോയത്. എന്നാൽ കോവിഡ് പ്രതിസന്ധിമൂലം യാത്ര തടയപ്പെടുകയും തിരിച്ചുവരാൻ കഴിയാതാവുകയും ചെയ്യുകയായിരുന്നു.
ഇതോടെ ഒറ്റപ്പെട്ട കുടുംബം യാത്രക്കായി നിരവധി വാതിലുകൾ മുട്ടുകയും ഒടുവിൽ ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയിൽ എത്തുകയുമായിരുന്നു. പ്രശ്നത്തിലിടപ്പെട്ട സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹാരിസ് കല്ലായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിെൻറയും റിയാദ് ഇന്ത്യൻ എംബസിയുടെയും സജീവ ശ്രദ്ധയിൽ കൊണ്ടുവന്ന് നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാനുമതി ലഭ്യമാക്കുകയും ചെയ്തു. വീണ്ടും ഹാരിസ് കല്ലായി റിയാദിലേക്കുള്ള യാത്രാനുമതിക്കായി ജീസാൻ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിനെ സമീപിക്കുകയും അനുമതി നേടി എടുക്കുകയുമായിരുന്നു. യാത്രക്കുള്ള സഹായം നൽകാമെന്ന് സൗദി നാഷനൽ ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അറിയിച്ചു.
ജിസാൻ റിലീഫ് വിങ് അംഗമായ ബാവ ഗൂഢലൂരിെൻറ സഹായത്തോടെ കുടുംബത്തെ റിയാദിലെത്തിക്കുകയും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ താമസസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലാണ് കുടുംബം നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha

























