ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വൈശാഖ് എസ് ദര്‍ശനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രാദേശിക നേതാവായ രതീശന്‍ എഴുതിയ കുറിപ്പില്‍ വൈശാഖിന്റെ പേര് പരാമര്‍ശിച്ചിരുന്നു. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം വാങ്ങി വൈശാഖിനു നല്‍കിയിരുന്നതായി രതീശന്‍ അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നു.
ഈ മാസം മൂന്നിനാണ് തലശേരിയിലെ ഓഫീസ് മുറിയില്‍ രതീശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പണം നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ ജോലി ലഭിക്കാതിരുന്നതോടെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് രതീശന്‍ ജീവനൊടുക്കിയത്. വൈശാഖ് ജോലി നല്‍കാതെ കബളിപ്പിച്ചെന്ന് കുറിപ്പില്‍ പറയുന്നു. എറണാകുളം സ്വദേശിയായ വൈശാഖിനെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്ത് നിന്നാണ്. പണം നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയാല്‍ വൈശാഖിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കും.
https://www.facebook.com/Malayalivartha






















