2021 ജൂണ്‍ 11 മുതല്‍ സൗദി അക്കൗണ്ടിങ് ജോലികൾ സ്വദേശികൾക്ക് മാത്രം ...നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികൾ ഉൾപ്പടെ നിരവധിപേർക്ക് ജോലി നഷ്ടമാകും

അക്കൗണ്ടിങ് രംഗത്ത് പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണ നടപടികള്‍ അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചതോടെ മലയാളികൾ ഉൾപ്പടെയുള്ള നിരവധി പേർ അങ്കലാപ്പിൽ.. നിയമം പ്രാബല്യത്തില്‍ വരുന്നതോടെനിരവധിപേർക്ക് ജോലി നഷ്ടപ്പെടും
. മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കുന്ന സൗദിവല്‍ക്കരണം ലക്ഷ്യം വച്ചുള്ള ഓട്ടോമാറ്റിക് കോഡിങ് പ്രകാരം അക്കൗണ്ടിങ് പ്രഫഷനലുകളെ 19 തരമായി തിരിച്ചിട്ടുണ്ട്.
സാമ്പത്തിക കാര്യ- അക്കൗണ്ടിങ് മാനേജര്‍, അക്കൗണ്ട്‌സ് ആന്‍ഡ് ബജറ്റ് മാനേജര്‍, സാമ്പത്തിക റിപ്പോര്‍ട്ട് ഡിപ്പാര്‍മെന്റ് മാനേജര്‍, സകാത്ത് ആന്‍ഡ് ടാക്‌സ് മാനേജര്‍, ഇന്റേണല്‍ ഓഡിറ്റ് മാനേജര്‍, ജനറല്‍ ഓഡിറ്റ് മാനേജര്‍, ഹെഡ് ഓഫ് ഇന്റേണല്‍ ഓഡിറ്റ് പ്രോഗ്രാം, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, ഇന്റേണല്‍ ഓഡിറ്റര്‍, സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍, ജനറല്‍ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റര്‍, ജനറല്‍ അക്കൗണ്ട്‌സ് ടെക്‌നീഷ്യന്‍, ഓഡിറ്റിങ് ടെക്‌നീഷ്യന്‍, കോസ്റ്റ് അക്കൗണ്ട്‌സ് ടെക്‌നീഷ്യന്‍, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് സൂപ്പര്‍വൈസര്‍, കോസ്റ്റ് ക്ലാര്‍ക്ക്, ഫിനാന്‍സ് ക്ലാര്‍ക്ക് എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി സൗദി അകൗണ്ടന്റുമാരെ നിയമിക്കുന്നതില്‍ സ്വകാര്യ മേഖലക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന പ്രത്യേക പദ്ധതിയും മന്ത്രാലയം അവതരിപ്പിക്കുന്നു. അഞ്ചില്‍ കൂടുതല്‍ അക്കൗണ്ടിങ് ജീവനക്കാര്‍ ആവശ്യമായ സ്ഥാപനങ്ങളിലെ നിശ്ചയിക്കപ്പെട്ട 19 തസ്തികകളില്‍ 30 ശതമാനം സ്വദേശികളെ നിയമിക്കണമെന്നതാണ് നിയമം. ഇതിനായി പ്രത്യേക മാര്‍ഗ രേഖയും മന്ത്രാലയം പുറത്തിറക്കി.
പുതിയ നീക്കമനുസരിച്ചുള്ള നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം മുഴുവന്‍ അക്കൗണ്ടിങ് ജീവനക്കാരുടെയും സര്‍ക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ഈടാക്കുന്ന പിഴക്ക് പുറമെയാണിത്. ഇങ്ങനെ ഇ സര്‍വീസുകള്‍ ബ്‌ളോക് ചെയ്യപ്പെടുന്ന തൊഴിലാളിക്ക് വീസ പുതുക്കുന്നതിനോ, സ്പോണ്‍സര്‍ഷിപ് മാറുന്നതിനോ, ഇഖാമയിലെ തൊഴില്‍ മാറ്റത്തിനോ, വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിനോ കഴിയില്ല. വര്‍ക് പെര്‍മിറ്റില്‍ നല്‍കിയ പ്രൊഫഷനില്‍ നിന്ന് വ്യത്യസ്തമായ തൊഴിലെടുക്കുന്ന തൊഴിലാളിയെ പിടിക്കപ്പെട്ടാല്‍ മുകളില്‍ സൂചിപ്പിച്ച ശിക്ഷാ നടപടികള്‍ക്ക് പുറമെ സ്ഥാപനത്തിനെതിരെ കബളിപ്പിക്കലിനും നിയമപരമായ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിയമം പ്രാപല്യത്തില്‍ വരുന്നതോടെ സ്വദേശി അക്കൗണ്ടന്റുമാര്‍ ബാച്ചിലര്‍ ഡിഗ്രി യുള്ളവരാണെങ്കില്‍ ചുരുങ്ങിയത് 6000 റിയാലും ഡിപ്ലോമയാണ് യോഗ്യതയെങ്കില്‍ 4500 റിയാലും വേതനം നല്കണമെന്നതും നിബന്ധനയാണ്.
എന്‍ജിനിയര്‍മാര്‍, ടെക്‌നിഷ്യന്മാര്‍ എന്നിവര്‍ക്ക് പുറമെ അക്കൗണ്ടിങ് മേഖലയില്‍ ജോലി ചെയ്യുന്നവരും പ്രത്യേക ബോഡിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇത് പ്രകാരം സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സില്‍ (സോക്പ) തൊഴിലിന് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുതിയ താമസ രേഖ എടുക്കുന്നതിനോ നിലവിലുള്ളവ പുതുക്കുന്നതിനോ പ്രഫഷന്‍ മാറ്റുന്നതിനോ കഴിഞ്ഞിരുന്നില്ല.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികള്‍ ഉള്‍പ്പടെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന നിരവധി അക്കൗണ്ടന്റുമാര്‍ ഭീഷണിയിലാകും
https://www.facebook.com/Malayalivartha