മോഡി മിനി കേരളത്തില്‍… ദുബായില്‍ മോഡിയെ കാണാനെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍; ഹിന്ദിയിലെ പ്രസംഗം മലയാളത്തിലും കേള്‍ക്കാം

ദുബായ് മലയാളികളുടെ സ്വപ്ന ഭൂമിയാണ്. സമാധാനത്തിന്റെ ഈ മാസ്മരിക ലോകത്തു നിന്നാണ് മലയാളികള്‍ എല്ലാം ഉണ്ടാക്കിയെടുത്തത്. മലയാളികളെ സംബന്ധിച്ച് ദുബായ് ഒരു കൊച്ച് കേരളമാണ്. മലയാളം മാത്രം സംസാരിച്ച് ജീവിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒരേ ഒരു വിദേശ സ്ഥലം കൂടിയാണ് ദുബായ്. എവിടെ തിരിഞ്ഞാലും മലയാളികളെ കാണാം. എന്തിന് മലയാള ബോര്‍ഡുള്ള ഹോട്ടലുകള്‍ പോലുമുണ്ട്. മലയാളികളുടെ ഇഷ്ട ഭക്ഷണവും സംസ്‌കാരവുമെല്ലാം ഇവിടെ എല്ലാം കാണാം.
34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ദുബായില്‍ എത്തിയതിന്റെ ആഘോഷത്തിലാണ് മലയാളികള്‍. മോഡിക്ക് ഇന്ന് പൗരസ്വീകരണം ഒരുക്കാന്‍ തയ്യാറായിരിക്കയാണ് മലയാളികളായ ജനലക്ഷങ്ങള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മോഡി അഭിസംബോധന ചെയ്യുക. ഈ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. സംഘാടകരിലും നല്ലൊരു ശതമാനം മലയാളികളാണ്.
40,000 പേര്‍ക്ക് സ്‌റ്റേഡിയത്തിന് അകത്തും 20,000 പേര്‍ക്ക് പുറത്തും മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ പ്രവേശം നല്‍കൂ. രാത്രി എട്ടുമണിക്ക് ശേഷമാണ് മോദി വേദിയിലത്തെുകയെങ്കിലും വൈകിട്ട് മൂന്ന്- 6.45 വരെ മാത്രമേ പൊതുജനത്തിന് പ്രവേശമുണ്ടാകൂ.
മോഡി ഹിന്ദിയില്‍ പ്രസംഗിക്കുമ്പോള്‍ തന്നെ മറ്റ് ഭാഷകളിലും തര്‍ജ്ജമ ചെയ്യാന്‍ ആളുകളും സംവിധാനങ്ങളും ഉണ്ടാകും. മലയാളത്തില്‍ തര്‍ജ്ജമ ഉണ്ട്. ദുബായിലെ താമസിക്കുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം മലയാളികളായതിനാലാണിത്.
സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ഒരുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. വടക്കുഭാഗത്ത് പൊതുജനങ്ങള്‍ക്കും തെക്കുഭാഗത്തെ കവാടത്തില്‍ അതിഥികള്‍ക്കും പ്രവേശം നല്‍കും. വടക്കുഭാഗത്ത് മൂന്ന് സോണുകളിലേക്കായി മൂന്ന് ഗേറ്റുകള്‍ തുറക്കും. ഓരോ ഗേറ്റിലും ഏഴ് വീതം വരികളിലായി ആളുകളെ കയറ്റിവിടും. ദുബായ് പൊലീസിന്റെ കീഴിലുള്ള സുരക്ഷാ വിഭാഗമായിരിക്കും പ്രവേശത്തിന് മേല്‍നോട്ടം വഹിക്കുക. കുറ്റമറ്റ സജ്ജീകരണങ്ങളാണ് സ്‌റ്റേഡിയത്തില്‍ ഒരുക്കുന്നത്. സുരക്ഷയും അച്ചടക്കവും സമയക്രമ പാലനവും ഉറപ്പുവരുത്തും. 6.30ന് തന്നെ കലാപരിപാടികള്‍ക്ക് തുടക്കമാകും. ഓണം ഘോഷയാത്രയും ഇന്ത്യയില്‍ നിന്നുള്ള 34 അംഗ സംഘത്തിന്റെ കലാ പ്രകടനങ്ങളും അരങ്ങേറും.
ചൂടിനെ അതിജീവിക്കുന്നതിനായി സ്‌റ്റേഡിയത്തില്‍ പ്രത്യേക രീതിയില്‍ ശീതീകരിക്കുന്നുണ്ട്. സ്‌റ്റേഡിയത്തിനകത്തും പുറത്തും കുടിവെള്ളവും ഇളനീരും കൈവിശറികളും വിതരണം ചെയ്യും. രണ്ടര ലക്ഷത്തിലധികം വെള്ളക്കത്തുകളും 55,000ല്‍ പരം വിശറികളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളും തുറക്കും. പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തേക്ക് കടക്കാനാകില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഞ്ച് ആംബുലന്‍സ്, ഫയര്‍ യൂനിറ്റുകള്‍ എന്നിവ സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി അണിനിരക്കും. 30 ഡോക്ടര്‍മാരടങ്ങുന്ന 55 അംഗ മെഡിക്കല്‍ സംഘത്തെയും അകത്തും പുറത്തുമായി നിയോഗിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നതിനും ഓണം ഘോഷയാത്രയടക്കമുള്ള കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുമായി അഞ്ച് കൂറ്റന്‍ എല്‍.സി.ഡി. സ്‌ക്രീനുകള്‍ സ്‌റ്റേഡിയത്തിനകത്ത് സജ്ജമാക്കും.
യു.എ.ഇ.യിലും ഇന്ത്യയിലുമുള്ള 180 മാദ്ധ്യമങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. പരിപാടി തുടങ്ങുന്നതിന് മുമ്പേ ടെലിവിഷന്‍, റേഡിയോ എന്നിവ വഴി തത്സമയ സംപ്രേഷണം തുടങ്ങും.
പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുന്നതില്‍ പ്രധാനിയായി മുന്നില്‍ നില്‍ക്കുന്നത് യുഎഇയിലെ പ്രമുഖനായ വ്യവസായി ബി ആര്‍ ഷെട്ടിയാണ്. യുഎഇ എക്‌സ് ചേഞ്ച് ഉടമയായ ഷെട്ടിയാണ് മോഡിയുടെ പരിപാടികള്‍ക്ക് പണമിറക്കുന്നത്. മോഡിക്ക് സ്വീകരണം ഒരുക്കുന്നതില്‍ ദുബായ് തന്നെ തിരഞ്ഞെടുത്തതില്‍ മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ ടി.പി സീതാറാം, മറ്റ് മലയാളികളായ വ്യവസായ പ്രമുഖരായ എംഎ യൂസഫലി തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളും ഇതിന് പുറകിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha