ജനകോടികളുടെ വിശ്വസ്ത സ്ഥാപനം… 1000 കോടിയുടെ ലോണ്‍ എടുത്ത് മുങ്ങിയ കേസില്‍ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ പിടിയില്‍

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് പേര് കേട്ട അറ്റ്‌ലസ് ജ്യൂലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായ് പോലീസിന്റെ അറസ്റ്റില്‍. ഓഗസ്റ്റ് 23ന് രാമചന്ദ്രനേയും മകളേയും വിവിധ പരാതികളില്‍ ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രം പറയുന്നത്. സ്വര്‍ണ്ണ ഇടപാടുകാരുടേയും ബാങ്കുകളുടേയും പരാതികളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനേയും മകളേയും പോലീസ് പിടികൂടിയത്.
രാമചന്ദ്രനെ അറസ്റ്റ് ചെയ്ത വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ദുബായ് പോലീസ്. അതുകൊണ്ട് തന്നെ അറ്റ്‌ലസ് ജ്യൂവലറിയിലെ ജീവനക്കാര്‍ക്ക് പോലും ഇക്കാര്യം അറിയാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അറ്റ്‌ലസ് രാമചന്ദ്രനെ കാണാനില്ലെന്ന് വ്യക്തമായത്. അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വച്ച് ഓഫായിരുന്നു.
ഗള്‍ഫില്‍ 1000 കോടി രൂപയുടെ ബാങ്ക് വായ്പ എടുത്ത് മലയാളി ജൂവലറി ഉടമ മുങ്ങിയെന്ന വാര്‍ത്തകള്‍ പരന്നതോടെ ഗള്‍ഫിലെ മലയാളി വ്യവസായികള്‍ കടുത്ത ആശങ്കയിലായിരുന്നു. യുഎഇ ഗവണ്മെന്റിനേയും സെന്‍ട്രല്‍ ബാങ്കിനേയും ഒരുപോലെ കബളിപ്പിച്ച് ജൂവലറി ഉടമ നാടുവിട്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നതോടെ ഗള്‍ഫിലെ ബാങ്കുകള്‍ ഇന്ത്യക്കാരുടെ വായ്പ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബാങ്കുകളുടെ പരാതിയില്‍ അറ്റ്‌ലസ് രാമചന്ദ്രനെ പൊലീസ് പിടികൂടിയെന്നാണ് നിഗമനം. രാമചന്ദ്രനേയും മകളേയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്.
ഗള്‍ഫിലെ 15 ഓളം ബാങ്കുകളില്‍ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിര്‍ഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വര്‍ഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പം 77 ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായില്‍ ഉണ്ട്. ബാങ്കുകളില്‍ നിന്ന് ഏതാണ്ട് 1000 കോടി രൂപ കടം വാങ്ങിയശേഷം മുങ്ങിയ ജുവലറി ഉടമയെ തന്ത്രപരമായാണ് ദുബായ് പോലീസ് കുടുക്കിയതെന്നാണ് സൂചന. സാമ്പത്തിക കുറ്റകൃത്യമായതുകൊണ്ട് തന്നെ ജാമ്യം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടും.
സ്വന്തം സ്ഥാപനത്തിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിച്ച് പ്രശസ്തി നേടിയ ദുബായ് മലയാളിയായ സ്വര്‍ണ്ണ വ്യാപാരി മുങ്ങിയതായാണു ആദ്യം വാര്‍ത്തകള്‍ വന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന സ്വര്‍ണ്ണ വ്യാപാര ശൃംഖലയുടെ ഉടമയായ മലയാളിയെ കാണാനില്ലെന്ന സൂചനയോടെയാണ് ദുബായിലെ ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ടു നല്‍കിയത്.
കുവൈറ്റില്‍ തുടങ്ങി ദുബായ് വഴി കേരളത്തിലും വേരുറപ്പിച്ച വ്യാപാര സാമ്രാജ്യത്തിന്റെ മേധാവിയുടെ തകര്‍ച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുഎഇയിലെ 15 ബാങ്കുകളിലായി ഏകദേശം ആയിരം കോടി രൂപയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ടെന്നാണ് സൂചന. സൗദി, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ അറ്റ്‌ലസിനു ഷോറൂമുകളുണ്ട്.
വൈശാലി, സുകൃതം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഇദ്ദേഹം സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . ദുബായില്‍ തന്നെ പന്ത്രണ്ടോളം ഷോറുമുകളാണ് ഇദ്ദേഹത്തിന് ഉള്ളത്.
വളരെ കഷ്ടപ്പെട്ട് ഗള്‍ഫില്‍ സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തിയ അറ്റ്‌ലസ് രാമചന്ദ്രന്റെ പതനം ഗള്‍ഫ് മലയാളികള്‍ക്കൊരു ഷോക്കാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha