ആ തങ്കപ്പെട്ട മനുഷ്യനെ നാറ്റിക്കരുത്… അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റ് വിശ്വസിക്കാതെ പ്രവാസലോകം; കുടുങ്ങിയതല്ല കുടുക്കിയതാണെന്ന് മലയാളികള്‍

സാധാരണ ഒരു മുതലാളിയുടെ അറസ്റ്റില്‍ കുറ്റപ്പെടുത്തുകയാണ് ലോകം ചെയ്യുന്നത്. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തിന് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിക്കുകയാണ്. രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് പലരും ഉള്‍ക്കൊള്ളുന്നുമില്ല. ഇതെല്ലാം അദ്ദേഹത്തെ കരിവാരി തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രവാസികളുടെ വിലയിരുത്തല്‍.
റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖലീജ് ടൈംസ് തുടങ്ങിയ ഗള്‍ഫ് പത്രങ്ങളും ഇതേ വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. എങ്കിലും ജനങ്ങള്‍ അറ്റ്‌ലസ് രാമചന്ദ്രന് ഒപ്പമാണ്.
ആ വലിയ മനുഷ്യന്‍ ചെയ്ത ജനോപകാര പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ അദ്ദേഹവുമായി അടുപ്പിച്ചത്. രാമചന്ദ്രന്റെ നിറപുഞ്ചിരി ഒരിക്കലെങ്കിലും അറിയാത്ത പ്രവാസികള്‍ ഇല്ല തന്നെ. ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെ പിന്തുണയും രാമചന്ദ്രനുണ്ട്.
സാധാരണ തൊഴിലാളിയായി ഗള്‍ഫില്‍ വന്ന് ചെറിയ സ്വര്‍ണക്കട തുടങ്ങി സ്വര്‍ണത്തില്‍ കള്ളം കാണിക്കാതെ ജനങ്ങളുടെ മനസ് പിടിച്ചു പറ്റുകയായിരുന്നു രാമചന്ദ്രന്‍. സ്വര്‍ണക്കടയുടെ വിജയത്തില്‍ നിന്നാണ് സാധാരണക്കാര്‍ക്ക് പ്രാപ്തമായ ചികിത്സാ സൗകര്യവുമായി വിവിധ ആശുപത്രികള്‍ തുടങ്ങിയത്.
അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗള്‍ഫിലെ ബിസിനെസ്സെല്ലാം വന്‍ലാഭത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ രാമചന്ദ്രന്‍ തീരുമാനിച്ചത്. പ്രവാസി ബിസിനസ്സുകള്‍ക്കപ്പുറം ഇന്ത്യയില്‍ വേരുള്ള വ്യവസായി ആവുകയായിരുന്നു ലക്ഷ്യം. അതിന് കൂടി വേണ്ടിയാണ് ബോംബ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ രാമചന്ദ്രന്‍ എത്തിയത്. ജിഇഇ ഇഎല്‍ വൂളന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിരുന്നു. കോടികള്‍ മുടക്കി കമ്പനി ഏറ്റെടുത്ത ശേഷം അതിന്റെ പേര് അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡ് എന്നാക്കി.
ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് ആയിരം കോടി രൂപ കടമെടുത്തതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ ഓഹരി വിപണിയില്‍ അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡിന്റെ വില ദിനം പ്രതി ഇടിഞ്ഞതോടെ പ്രതിസന്ധിയും തുടങ്ങി. വിപണിയില്‍ പണം മുടക്കി ആയിരം കോടി തിരിച്ചു പിടിച്ച് ബാങ്കില്‍ അടയ്ക്കാമെന്ന പ്രതീക്ഷയും തെറ്റി. ഇതോടെയാണ് ലോണുകളുടെ പ്രതിസന്ധി തുടരുന്നത്. സ്വര്‍ണം വാങ്ങനെന്ന പ്രതീക്ഷയിലായിരുന്നു ബാങ്കുകള്‍ രാമചന്ദ്രന് ലോണ്‍ അനുവദിച്ചത്. എന്നാല്‍ സ്വര്‍ണം വാങ്ങാതെ വന്നതോടെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ സ്‌റ്റോക്ക് കുറഞ്ഞു. ഇതോടെ കച്ചവടവും കുറഞ്ഞു. ഇത് മനസ്സിലായതോടെയാണ് വായ്പ തിരിച്ചടവ് ഉറപ്പാക്കാന്‍ നിയമ നടപടികളിലേക്ക് കാര്യങ്ങളെത്തിയത്.
തിരച്ചടവിനുള്ള സ്വര്‍ണം അറ്റല്‌സ് ഗ്രൂപ്പിന്റെ കൈയിലില്ലെന്ന് ബാങ്കുകള്‍ക്ക് അറിയാം. അതുകൊണ്ടാണ് കടുംപിടത്തത്തിലേക്ക് കാര്യങ്ങളെത്തിയത്. അതിനിടെ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാമചന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നടപടികളും തുടങ്ങി. ബാങ്കുകളില്‍ നിന്ന് ലോണെടുത്ത ആയിരം കോടി രൂപ മനപ്പൂര്‍വ്വം മുക്കിയെന്നാണ് രാമചന്ദ്രനെതിരായ ആരോപണം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഇതു വരും. സ്വര്‍ണ്ണ കച്ചവടത്തിനായെന്ന് തെറ്റിധരിപ്പിച്ച് ലോണ്‍ എടുത്തുവെന്നാണ് ആക്ഷേപം. റിയല്‍ എസ്‌റ്റേറ്റിലും ഓഹരി വിപണിയിലും നിക്ഷേപിച്ചത് പണം തട്ടാനാണെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തില്‍ രാമചന്ദ്രനും മകള്‍ക്കും ജാമ്യം കിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. ആയിരം കോടി രൂപയ്ക്ക് തതുല്യമായ ജാമ്യ തുക ഇതിനായി കെട്ടിവയ്‌ക്കേണ്ടി വരും. ഇത് എങ്ങനെയും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാര്‍.
രാമചന്ദ്രന്റെ ഗള്‍ഫിലെ ആശുപത്രികളെല്ലാം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങായി നില്‍ക്കുന്ന ഈ ആശുപത്രികളിലൊന്ന് ആര്‍ക്കെങ്കിലും നല്‍കുന്നതും പരിഗണനയിലുണ്ട്. രാമചന്ദ്രന്റെ കാരുണ്യത്തിന് ഇട വന്നിട്ടുള്ള ഗള്‍ഫിലെ മലയാളികളെല്ലാം ഈ വ്യവസായിയെ സഹായിക്കാന്‍ സന്നദ്ധരുമാണ്. എന്നാല്‍ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാന്‍ മലയാളി സമൂഹം ഒന്നായി വിചാരിച്ചാലും നടക്കാത്ത അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് ദുബായിലെ സ്വര്‍ണ്ണ മുതലാളിമാരുടെ സംഘടന തയ്യാറായിട്ടുണ്ട്. അവര്‍ക്കും ആയിരം കോടിയുടെ ബാധ്യത എങ്ങനെ രാമചന്ദ്രന്‍ വീട്ടുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. രാമചന്ദ്രന്റെ സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആ നല്ല മനുഷ്യന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് പ്രവാസികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha