തർക്കം പരിഹരിക്കാൻ ഇടപെട്ട മലയാളി യുവാവിനെ ഷാർജയിൽ പാകിസ്ഥാന്‍ സ്വദേശി കുത്തി കൊലപ്പെടുത്തി....

ഷാർജയിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് സ്വദേശിയായ മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) കൊല്ലപ്പെടുകയായിരുന്നു. ഷാര്‍ജയിലെ ബുതീനയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹക്കീം സമീപത്തെ ഒരു കഫെറ്റീരിയയില്‍ വെച്ച് സഹപ്രവര്‍ത്തകരും ഒരു പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ ഉണ്ടായ തർക്കം പരിഹരിക്കാൻ ഇടപെടുകയായിരുന്നു.
പെട്ടെന്ന് തന്നെ പ്രകോപിതനായ പാകിസ്ഥാന്‍ സ്വദേശി കഫെറ്റീരിയയില്‍ നിന്ന് ഒരു കത്തി എടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.
ഹക്കീമിന് പുറമെ രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്തുകാരനും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിയെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹക്കീമിന് മൂന്ന് തവണ കുത്തേറ്റുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗുരതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ പരിസരത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാര്‍ജയില്‍ ഒപ്പമുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 12.30ന് ആയിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ഹക്കീമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
https://www.facebook.com/Malayalivartha
























