നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം ഇടപെടുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് നിര്‍ണായക ഇടപെടലുമായി കാന്തപുരം എ.പി. അബുബേക്കര്‍ മുസ്ലിയാര്‍. മോചന ശ്രമങ്ങളുടെ ഭാഗമായി യെമനിലെ മതപുരോഹിതനുമായി കാന്തപുരം ബന്ധപ്പെട്ടു. കൊല്ലപ്പെട്ട യെമന്‍ പൗരെേന്റ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ടത്.
നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയും ബ്ലഡ് മണിയുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകുമെന്നുമാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും പ്രതീക്ഷിക്കുന്നത്.
ജൂലായ് 16 (ബുധനാഴ്ച) ആണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനായി നിശ്ചയിച്ചിരിക്കുന്ന ദിവസം. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച മറുപടി നല്‍കും.കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം എട്ട് കോടിയോളം രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha