ബിനീഷ് കോടിയേരി ദുബായ് പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി; ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്ടു മാസം ജയിൽശിക്ഷ വിധിച്ചതിനാൽ ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളി. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നുള്ള ക്രിമിനൽ കേസിൽ ദുബായ് കോടതി രണ്ടു മാസം ജയിൽശിക്ഷ വിധിച്ചതിനാൽ ബിനീഷ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകും. ബിനീഷ് കോടിയേരി ദുബായ് പൊലീസിന്റെ രേഖപ്രകാരം പിടികിട്ടാപ്പുള്ളിയെന്ന് പ്രമുഖ വാർത്താ ചാനലാണ് റിപ്പോർട്ട് ചെയ്തത്.
പത്തുലക്ഷം ദിർഹത്തിന്റെ (1.74 കോടി ഇന്ത്യൻ രൂപ) ചെക്ക് കേസുമായി ബന്ധപ്പെട്ടു കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കു യാത്രാവിലക്കുണ്ടായതിനു പിന്നാലെയാണു ബിനീഷിനെതിരെ മുൻപുണ്ടായ വിധിയുടെ വിവരങ്ങളും പുറത്തുവന്നത്. ഇതോടെ, ബിനോയിക്കു യുഎഇയിൽനിന്നു പുറത്തുകടക്കാൻ കഴിയാത്ത യാത്രാവിലക്ക്; ബിനീഷിനു യുഎഇയിൽ പ്രവേശിച്ചാൽ അറസ്റ്റ് എന്ന സാഹചര്യമായി. ബിനീഷിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ ബാങ്ക്‌വായ്പ ലഭിക്കില്ല.
സൗദി അറേബ്യയിലെ സാംബാ ഫിനാൻസിയേഴ്സിന്റെ ദുബായ് ശാഖയിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 10നാണു ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തിൽ ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാൽ ഇബ്രാഹിം നൽകിയ പരാതിയിൽ ബർദുബായ് പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റർ ചെയ്തത്. പണം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനാണെന്നായിരുന്നു റിക്കവറി ഏജന്റുമാർ നൽകിയ റിപ്പോർട്ട്.
ഒത്തുതീർപ്പിലെത്തി ശിക്ഷ റദ്ദാക്കാം. യുഎഇ നിയമപ്രകാരം ശിക്ഷ വിധിച്ചശേഷവും ഒത്തുതീർപ്പിലെത്താം. പണം കൊടുത്തു ധാരണയിലെത്തുകയും തുടർന്നു പരാതിക്കാരൻ നൽകുന്ന മോചനക്കത്ത് (തനാസിൽ) ഹാജരാക്കുകയും ചെയ്താൽ ശിക്ഷ റദ്ദാക്കും. കേരളത്തിലിരുന്നു ഈ നടപടികൾ സ്വീകരിക്കാമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha