ഉംറ നിര്‍വഹിച്ച് മടങ്ങിയ ഇന്ത്യന്‍ ഡോക്ടറിനും ഭര്‍ത്താവിനും ദാരുണാന്ത്യം

ഉംറ നിര്‍വഹിച്ച് മടങ്ങിയ ഇന്ത്യന്‍ ഡോക്ടറും ഭര്‍ത്താവും വാഹനാപകടത്തില്‍ മരിച്ചു. ഹഫറല്‍ ബാത്വിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍ ആന്ധ്ര സ്വദേശിനി സ്വപ്ന ലത എന്ന ആയിഷയും (39) ഭര്‍ത്താവ് തെലുങ്കാന സ്വദേശി ഫിറോസ് അഹമ്മദും (40) ആണ് മരിച്ചത്. ഏക മകന്‍ അബ്ദുള്‍ റഹിം (നാല് വയസ്) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഹഫറല്‍ ബാത്വിനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സുല്‍ഫയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ അകലേക്ക് തെറിച്ചു വീണ കുട്ടി പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുകയായിരുന്നു. ഏറെ വൈകിയാണ് ഹഫറല്‍ ബാത്വിനില്‍ അപകട വിവരം എത്തുന്നത്. സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും യാത്ര ചോദിച്ച് 15 ദിവസം മുമ്പാണ് കുടുംബം ഉംറക്ക് പുറപ്പെട്ടത്. രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരൂ എന്ന് അറിയിച്ചിരുന്നു. സുല്‍ഫി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുട്ടിയെ വിട്ടുകിട്ടുന്നതിനുള്ള രേഖകളുമായി സഹപ്രവര്‍ത്തകര്‍ സുല്‍ഫിയില്‍ എത്തിയിട്ടുണ്ട്. കുട്ടിയെ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇവരുടെ അയല്‍ വാസിയും സുഹൃത്തുമായ സാനു പറഞ്ഞു.
ആയിഷയുടെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്നും ഫിറോസ് അഹമ്മദിന്റെ കുടുംബം മൃതദേഹം സൗദിയില്‍ ഖബറടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനമെടുക്കാനാവാതെ കുഴയുകയാണ് സൗദിയിലെ സഹപ്രവര്‍ത്തകര്‍.
"
https://www.facebook.com/Malayalivartha

























