ആ ഗ്രീൻ സിഗ്നൽ ലഭിച്ചു..! 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാൻ ലക്ഷ്യമിട്ട് റിയാദ് എയർ, 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ പദ്ധതി, സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവ്

വികസന പദ്ധതികളിൽ വൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടാണ് പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചത്. 2025 ൻ്റെ തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുവാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്പനികളുമായാകും റിയാദ് എയറിന്റെ മത്സരം. അതിനാൽ തന്നെ സർവീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് കിരീടാവകാശിയുടെ ഉത്തരവ്.
വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് തുടർന്നുള്ള നടപടികൾ അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ സൗദിയിൽ രണ്ടാമത്തെ ദേശീയ വിമാന കമ്പനിക്കും ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നും എയർലൈൻ കോഡ് ലഭിച്ചു. റിയാദ് എയർ എന്ന പേരിലുള്ള പുതിയ വിമാന കമ്പനിക്ക് ആർ എക്സ് എന്നാണ് അയാട്ട നൽകിയിരിക്കുന്ന കോഡ്.
ഇസ്താംബൂളിൽ നടക്കുന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ 79-ാമത് വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായുള്ള ലോക വ്യോമഗതാഗത ഉച്ചകോടിയിലുമായിരുന്നു റിയാദ് എയറിൻ്റെ എയർലൈൻ കോഡ് പ്രഖ്യാപിച്ചത്.സിഇഒ ടോണി ഡഗ്ലസിൻ്റെയും കമ്പനിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൻ്റെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ഇതോടെ ലോകത്തിലെ മുൻ നിര വിമാന കമ്പനികളിൽ റിയാദ് എയറും ഭാഗമായതായി കമ്പനി അറിയിച്ചു. അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും, ഇത് മറ്റ് കക്ഷികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയെന്നും റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. 2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഇതിനിടെ ബോയിംഗ് 787-9 ശ്രേണിയിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിൻ്റെ ആദ്യ ദൃശ്യങ്ങളും കമ്പനി പുറത്ത് വിട്ടു.
റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവത്തിക്കുക. അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള നൂതന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും. എണ്ണയിതര വരുമാന മേഖലയിലേക്ക് 2,000 കോടി ഡോളർ കൂട്ടിച്ചേർക്കുമെന്ന് കണക്കാക്കുന്ന എയർലൈൻസ് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
റിയാദ് കിങ് സൽമാൻ വിമാനത്താവള പദ്ധതി പോലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഉപയോഗിച്ചുള്ള വൻകിട നിക്ഷേപമാണ് വിമാനക്കമ്പനിയിലും നടത്തുന്നത്. പ്രകൃതിദത്തവും സൗദി അറേബ്യയുടെ തനത് സംസ്കാരം പേറുന്നതുമായ ആകർഷക കേന്ദ്രങ്ങൾ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് എയർലൈൻ അവസരം നൽകും. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്ക്കരണം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിമാന കമ്പനി ‘വിഷൻ-2030’ന് അനുസൃതമായി വ്യോമയാന വ്യവസായത്തിെൻറ ആഗോള മത്സരക്ഷമതയെ പിന്തുണയ്ക്കുമെന്നും കരുതുന്നു.
https://www.facebook.com/Malayalivartha