കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. ഏജൻസി ചതിച്ചതോടെ മകന്റെ മുഖം അവസാനമായി കാൻ പോലും കഴിയാതെ കുവൈറ്റ് ജയിലിൽ കഴിയുകയാണ് 'അമ്മ ജിനു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് പതിനേഴുകാരനായ വെള്ളറയിൽ ഷാനറ്റ് ഷൈജു മരിച്ചത്. മൂന്ന് മാസം മുന്പാണ് 'അമ്മ ജിനു കുവൈറ്റിൽ പോയത്. കുവൈറ്റിൽ ജോലിക്ക് പോയ മാതാവ് അവിടെ കുടുങ്ങി കിടക്കുന്നതിനാലാണ് മകന്റെ സംസ്കാരം വൈകുന്നത്. ഏജൻസി ചതിച്ചതോടെ ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഒന്നരമാസമായി ജിനു ജയിലിൽ കഴിയുകയാണ്. ആൻ്റോ ആൻ്റണി, സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാർ ഇടപെട്ടിട്ടും നടപടികൾ വൈകുന്നുവെന്നാണ് വിവരം. ഈ അപകടത്തിൽ ഷാനറ്റ് ഉൾപ്പടെ രണ്ടു വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ചെല്ലാർകോവിൽ ഭാഗത്തെ ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞു തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്കു പോവുകയായിരുന്ന ജീപ്പാണ് ബൈക്ക് യാത്രികരായ അണക്കര കൊടുവേലിക്കുളത്ത് അലൻ കെ.ഷിബു (17), വെള്ളറയിൽ ഷാനറ്റ് ഷൈജു എന്നിവരെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികളെ കുത്തിനിറച്ച് അമിത വേഗത്തിൽ എത്തുന്ന ജീപ്പുകൾ ഇവിടെ അപകടമുണ്ടാക്കുന്നത് നിത്യ സംഭവമാണ്. ഇത്തരം യാത്രകളിൽ അനേകം അപകടങ്ങളുണ്ടായിട്ടും ഇവരെ നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തതിന്റെ പരിണതഫലമാണ് ചെല്ലാർകോവിൽ നടന്ന അപകടം.
2 യുവാക്കളുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കുമാണെന്ന് നാട്ടുകാർ പറയുന്നു.ജില്ലയിലെ ഏലത്തോട്ടങ്ങളിൽ പണിക്കായി ആയിരക്കണക്കിനു തൊഴിലാളികളാണ് തമിഴ്നാട്ടിൽ നിന്ന് ദിവസവും എത്തുന്നത്.
ഷാനറ്റിൻറെ അമ്മ ജിനുവിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടര മാസം മുൻപാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി.
കുവൈറ്റ് മലയാളി അസ്സോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്നു രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം തടങ്കലിലാണിപ്പോൾ. താൽക്കാലിക പാസ്സ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും പ്രതിസന്ധിയായത്.
https://www.facebook.com/Malayalivartha

























