സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് സ്വമേധയാ മൂന്നു മാസത്തിനകം രാജ്യം വിടാം

സൗദി അറേബ്യയില്‍ മൂന്നു മാസത്തേക്കു പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29നാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക. ഹജ്, ഉംറ വീസകളിലും സന്ദര്‍ശക വീസയിലും സൗദിയില്‍ എത്തി വീസാ കാലാവധിക്കുശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്കു വിമാനത്താവളങ്ങളിലും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളിലെ ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കൗണ്ടറുകളില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശാനുസരണമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇഖാമ, തൊഴില്‍ നിയമലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കെല്ലാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പിഴകളും ഫീസുകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നതിനു സാധിക്കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കുക.
പൊതുമാപ്പിനായി ചെയ്യേണ്ടത്-
ഹജ്, ഉംറ, സന്ദര്‍ശക വീസക്കാര്‍ ടിക്കറ്റുകളും പാസ്‌പോര്‍ട്ടുകളുമായി വിമാനത്താവളങ്ങള്‍ അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നേരിട്ട് എത്തണം. ഇവര്‍ക്ക് അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് എക്‌സിറ്റ് നല്‍കും. വിരലടയാളവും കണ്ണടയാളവും പരിശോധിച്ചു കേസുകളുമായും മറ്റും ബന്ധപ്പെട്ടു സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചു വരുന്നവരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമലംഘകര്‍ക്ക് എക്‌സിറ്റ് നല്‍കുക.
ഇഖാമയുള്ളവരും തൊഴില്‍ വീസയില്‍ രാജ്യത്ത് പ്രവേശിച്ചവരും സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവരും അതിര്‍ത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്‌സിറ്റ് നടപടികള്‍ അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ വിദേശിവകുപ്പുകള്‍ വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്കു തിരിച്ചുപോകുന്നവരെ കരിമ്പട്ടികയിലുപ്പെടുത്തില്ല. ഇതുമൂലം പുതിയ വീസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല.
മുഴുവന്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനു സാധിക്കും. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകര്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ രാജ്യമെങ്ങും ശക്തമായ റെയ്ഡുകള്‍ നടത്തും. സൗദിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് ലക്ഷക്കണക്കിനാളുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha