സ്വദേശി തൊഴില്‍ സംവരണത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കുവൈത്ത് മന്ത്രിസഭ

സ്വകാര്യമേഖലയില്‍ സ്വദേശി തൊഴില്‍ സംവരണത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനമെടുത്തു. അതിനായി സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു തൊഴില്‍ സംവരണത്തിനുള്ള നിയമം ഭേദഗതിചെയ്യാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രിസഭായോഗം നിയമനിര്‍മാണ വകുപ്പിന് നിര്‍ദേശം നല്‍കി. സ്വദേശി ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളില്‍ നാമമാത്രമായി പലരെയും നിയമിക്കുകയും സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതൊഴിവാക്കാനാണു നിയമഭേദഗതി ആലോചിക്കുന്നത്.
ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഖത്തര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടു കുവൈത്ത് നേതൃത്വം നല്‍കുന്ന മധ്യസ്ഥശ്രമങ്ങള്‍ വിലയിരുത്തിയതായും മന്ത്രിസഭാകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ മുബാറക് അല്‍ സബാഹ് അറിയിച്ചു.
ജോലിയില്‍ പ്രവേശിച്ചതായി പേരിനു രേഖയുണ്ടാക്കി ആനുകൂല്യങ്ങള്‍ പറ്റുന്നതു തടയാനും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിനു സ്വദേശികള്‍ക്കു കൂടുതല്‍ പ്രചോദനം നല്‍കാനും കഴിയുന്ന ഭേദഗതികളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യമേഖലയില്‍ വിവിധ സ്ഥാപനങ്ങളില്‍ വ്യത്യസ്ത തോതില്‍ സ്വദേശികള്‍ക്ക് തൊഴില്‍സംവരണമുണ്ട്. സ്വകാര്യമേഖലയിലേക്കു സ്വദേശികളെ ആകര്‍ഷിക്കുന്നതിനു തൊഴിലിടങ്ങളിലെ ശമ്പളത്തിനുപുറമെ സര്‍ക്കാര്‍ വക ആനുകൂല്യവും നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha