ഫൈലക ദ്വീപില്‍ കുവൈത്ത് നാവികകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു

കുവൈത്ത് ഫൈലക ദ്വീപില്‍ നാവികകേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഈ കേന്ദ്രം രാജ്യത്തിന്റെ നാവികശേഷി വര്‍ധിപ്പിക്കുന്നതിനും രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണെന്നു നാവികസേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാലിദ് അല്‍ കന്ദരി അറിയിച്ചു. അഞ്ചുവര്‍ഷംകൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഫൈലക ദ്വീപില്‍ നാവികകേന്ദ്രം വന്നാല്‍ നാവിക സേനയ്ക്കും തീരദേശസേനയ്ക്കും അതു പ്രയോജനപ്പെടും.
നാവികസേനയെ പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമികൂടിയായിരിക്കും ഈ കേന്ദ്രം. നാലുവര്‍ഷമാകും പരിശീലന പഠന കാലാവധി. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കു രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. കുവൈത്ത് സിറ്റിയില്‍നിന്നു 20 കിലോമീറ്റര്‍ അകലെയാണു ഫൈലക ദ്വീപ്. പുരാതനകാലം തൊട്ട് മനുഷ്യവാസമുണ്ടായിരുന്ന പ്രദേശമാണിതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇറാഖ് അധിനിവേശത്തിനുശേഷം ദ്വീപില്‍ മനുഷ്യവാസം കുറവാണ്. അതേസമയം രാജ്യത്തെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളില്‍ ഫൈലക ദ്വീപിനു സ്ഥാനമുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ മുന്‍പു നടത്തിയ ഖനനത്തില്‍ ഇവിടെനിന്നു ചര്‍ച്ചുകളുടെയും മസ്ജിദുകളുടെയും അടക്കമുള്ള ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 1958 മുതല്‍ പുരാവസ്തു വകുപ്പ് ഖനനത്തില്‍ വ്യാപൃതമാണ്. മൂന്നാം നൂറ്റാണ്ടിന്റെ മധ്യകാലംതൊട്ട് മേഖലയിലെ പ്രധാന പ്രദേശമാണു ഫൈലക ദ്വീപെന്നാണു ചരിത്രകാരന്മാരുടെ നിഗമനം. ദില്‍മൂന്‍ രാജവംശത്തിന്റെ കാലത്ത് ഈല്‍ ദ്വീപിനു നല്ല പരിഗണന ലഭിച്ചതായും അനുമാനമുണ്ട്.
https://www.facebook.com/Malayalivartha