ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാനുളള അവസരത്തിനായി പ്രതീക്ഷയോടെ പ്രവാസികള്‍

ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ടുചെയ്യാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രതീരുമാനം പ്രവാസി സമൂഹത്തിനു മുഴുവന്‍ പ്രതീക്ഷ നല്‍കുന്നു. കേന്ദ്രതീരുമാനത്തില്‍ ഏറെ സന്തോഷിക്കുകയാണ് പ്രവാസികള്‍. എത്രയോ വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നു ഇത് എന്നാണ് അവരുടെ അഭിപ്രായം. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പേ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് അവരുടെ ആവശ്യം. ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങളെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്ന വലിയ വോട്ടുബാങ്കാണു പ്രവാസികളുടേത്.
2010-ലെ നിയമ ഭേദഗതി പ്രകാരം പ്രവാസികള്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നാട്ടിലെത്തി വോട്ടുചെയ്യാനും കഴിയും. പക്ഷേ, അതിനു കഴിയുന്നതു വളരെ കുറച്ചുപേര്‍ക്കു മാത്രമാണ്. കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തിരഞ്ഞെടുപ്പുസമയത്തു വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ നടപടികളെടുക്കാറുണ്ട്. എങ്കിലും, പവാസികളില്‍ ഭൂരിഭാഗംപേര്‍ക്കും വോട്ടുചെയ്യാന്‍ സാധിക്കാറില്ല. ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ പോളിങ് 100 ശതമാനമായിരിക്കുമെന്ന് ഖത്തറിലെ മാര്‍ക്കറ്റിങ് കമ്പനി ജീവനക്കാരനായ അനീഷ് പറയുന്നു.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും അതിനുവേണ്ടി മാത്രം ഇത്രയധികം പണം മുടക്കി നാട്ടില്‍ പോകുകയെന്നതു നടക്കാത്ത കാര്യമാണ്. അല്ലെങ്കില്‍ നാട്ടില്‍ പോകാനെടുക്കുന്ന അവധിയും തിരഞ്ഞെടുപ്പും ഒരുമിച്ചു വരണം; ഒപ്പം വോട്ടര്‍ പട്ടികയില്‍ പേരും വേണം. അതൊന്നും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കു ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ത്തന്നെ വോട്ടുചെയ്യാന്‍ അവസരമൊരുക്കുകയാണു പ്രായോഗികം. പ്രവാസി വോട്ട് വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തിരഞ്ഞെടുപ്പു പ്രചാരണം വിദേശ രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടിവരുമെന്നാണു ചിലരുടെ പക്ഷം.
ഇപ്പോള്‍ തിരഞ്ഞെടുപ്പുകാലത്തു സമൂഹ മാധ്യമങ്ങളിലൊക്കെ പ്രചാരണം കാര്യമായി നടക്കാറുണ്ട്. എങ്കിലും പ്രവാസികളെ ലക്ഷ്യമിട്ടു കാര്യമായ പ്രചാരണമൊന്നും നടന്നിട്ടില്ല. എന്നാല്‍, ഇനി പ്രവാസിലോകത്തു രാഷ്ട്രീയ പ്രചാരണവും നടക്കും. പക്ഷേ, ഇതു പ്രവാസികള്‍ക്കിടയില്‍ രാഷ്ട്രീയ വേര്‍തിരിവുണ്ടാക്കുമോ എന്ന ആശങ്ക ചിലര്‍ പങ്കുവയ്ക്കുന്നു. ഇപ്പോള്‍ അവര്‍ക്കിടയില്‍ കാര്യമായ രാഷ്ട്രീയ വേര്‍തിരിവൊന്നുമില്ല. എങ്കിലും, സ്വന്തം രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുകയെന്നതു വലിയകാര്യംതന്നെയാണ് എന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha