മലയാളികളുടെ രുചിക്കൂട്ടുകള്‍ക്കു നാട്ടുതനിമയേകി വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്

മലയാളികളുടെ രുചിക്കൂട്ടുകള്‍ക്കു നാട്ടുതനിമയേകി ദുബായിലെ ദെയ്‌റ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ്. കൊടുംവേനലിലും കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഒട്ടും വാടാതെയിരിക്കുമ്പോള്‍ കച്ചവടം പൊടിപൂരം. പഴയമാര്‍ക്കറ്റിലെ പച്ചക്കറി,പഴം വ്യാപാരികള്‍ പൂര്‍ണമായും ഇവിടേക്കു മാറിയതോടെ ഹൈടെക് മാര്‍ക്കറ്റ് സമുച്ചയത്തിലെങ്ങും വന്‍തിരക്കായി. മല്‍സ്യവ്യാപാരികളാണ് ആദ്യം മാറിയത്. മാംസവ്യാപാര മേഖല സജീവമാകുന്നതേയുള്ളൂ.
മറ്റു കച്ചവട സ്ഥാപനങ്ങള്‍ വരുംദിവസങ്ങളില്‍ തുറക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെ തുറന്ന മാര്‍ക്കറ്റ് പൂര്‍ണമായും ശീതീകരിച്ചതിനാല്‍ പുതുമയോടെ സാധനങ്ങള്‍ വാങ്ങാനാകുമെന്നതാണ് നേട്ടം. ഹൈടെക് മാര്‍ക്കറ്റില്‍ കച്ചവടം നാടന്‍ രീതിയില്‍ തന്നെ. ശുചിത്വമാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളം പച്ചക്കറികള്‍ എത്തുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.
വെള്ള പാവയ്ക്ക, പച്ച പാവയ്ക്ക, മുളക്, പടവലങ്ങ, മത്തങ്ങ, വെള്ളരി, മാങ്ങ, ഏത്തക്കായ, കറിക്കായ, കോവയ്ക്ക എന്നിവ പതിവിലും കൂടുതലായി എത്തുന്നുണ്ട്. ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്നും പച്ചക്കറി വരുന്നു. ചൂടുകാലമായതിനാല്‍ സ്വദേശി പച്ചക്കറികള്‍ കുറവാണ്.
റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ മേഖലകളിലെ തോട്ടങ്ങളില്‍ വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ പച്ചക്കറി ഉള്‍പ്പെടെ ഇവിടെനിന്നു വാങ്ങാനാകുമെന്നതിനാല്‍ വെള്ളിയാഴ്ചകളില്‍പോലും അതിരാവിലെ മുതല്‍ ഇവിടെ വന്‍തിരക്ക് അനുഭവപ്പെടുന്നു.
മറ്റു മേഖലകള്‍കൂടി സജീവമാകുന്നതോടെ വരുംആഴ്ചകളില്‍ തിരക്കു കൂടും. വിശാലമായ പാര്‍ക്കിങ് മേഖലയില്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാം. പഴയ മാര്‍ക്കറ്റിലേതുപോലെ പാര്‍ക്കിങ്ങിനായി ചുറ്റിക്കറങ്ങേണ്ടതില്ല. വേനല്‍ കടുക്കുന്നതോടെ പച്ചക്കറിയുടെയും മീനിന്റെയും ലഭ്യത കുറയുന്ന പതിവു സാഹചര്യം ഇതുവരെ മാര്‍ക്കറ്റില്‍ ഉണ്ടായിട്ടില്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
മീന്‍മാര്‍ക്കറ്റിലും ഇന്നലെ വന്‍തിരക്ക് അനുഭവപ്പെട്ടു. മത്തി കിലോയ്ക്ക് അഞ്ചു ദിര്‍ഹമായിരുന്നു രാവിലത്തെ നിരക്ക്. ചെറിയ മത്തി ധാരാളമായി വരുന്നുണ്ട്. കരിമീന്‍, വരാല്‍, മുഷി തുടങ്ങിയ നാടന്‍ ഇനങ്ങളുമുണ്ട്. അയക്കൂറ, ഷേരി, ആവോലി, നത്തോലി, ഞണ്ട്, ചെമ്മീന്‍ എന്നിവയ്ക്കു പുറമെ അറേബ്യന്‍ മേഖലയിലെ ഇനങ്ങളും സുലഭമായി ലഭിക്കുന്നതിനാല്‍ ചെറിയ വരുമാനക്കാര്‍ക്കും മീന്‍ വാങ്ങാം.
https://www.facebook.com/Malayalivartha