പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയപരിധി വയ്ക്കരുതെന്ന് ആവശ്യം ഉയരുന്നു

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുന്‍പു രേഖകള്‍ നാട്ടിലെ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ എത്തിക്കണമെന്ന കോഴിക്കോട് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസറുടെ സര്‍ക്കുലര്‍ ഈ മാസം ആദ്യം ഇറങ്ങിയതുമുതലാണു പ്രതിസന്ധി ഉടലെടുത്തത്. ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എംബസിയില്‍നിന്നുള്ള എന്‍ഒസി എന്നിവ 48 മണിക്കൂറിനു മുന്‍പ് എയര്‍പോര്‍ട്ടില്‍ ലഭിക്കണമെന്നായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ. തുടര്‍ന്നു രേഖകള്‍ അയച്ച് 12 മണിക്കൂര്‍ കാത്തിരിക്കേണ്ടിവരും. ഈ സമയം മൃതദേഹം എവിടെ സൂക്ഷിക്കുമെന്നു സാമൂഹിക പ്രവര്‍ത്തകര്‍ ചോദിച്ചു.
സമയപരിധി പന്ത്രണ്ടുമണിക്കൂറായി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ അംഗീകരിച്ചു ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതിയെ നിജസ്ഥിതി അറിയിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവുമായ അഷ്‌റഫ് താമരശേരി പറഞ്ഞു. നിലവിലിരുണ്ടായിരുന്ന കേന്ദ്രസര്‍ക്കാര്‍ നിയമമാണിതെന്ന വാദം ഉയര്‍ന്നെങ്കിലും പ്രവാസികള്‍ പ്രായോഗിക ബുദ്ധിമുട്ട് ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചതിനെ തുടര്‍ന്നു വ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു നിയമം മരവിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സമയപരിധി 12 മണിക്കൂറാക്കി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവു കോടതി അംഗീകരിക്കുകയായിരുന്നു. സമയം കൂട്ടിയാലും കുറച്ചാലും പ്രശ്‌നം നിലനില്‍ക്കുന്നതായി അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. സര്‍ക്കുലര്‍ ഇറങ്ങിയതോടെ ഷാര്‍ജയില്‍നിന്നു മൃതദേഹങ്ങള്‍ കോഴിക്കോട്ടേക്ക് അയയ്ക്കുന്നതു തടസ്സപ്പെട്ടിരുന്നു. പ്രതിദിനം അഞ്ചു മുതല്‍ പത്തുവരെ ഇന്ത്യക്കാര്‍ യുഎഇയില്‍ മരിക്കുന്നുണ്ട്. എംബാമിങ്ങിനുശേഷം ഇത്രയും മൃതദേഹം സൂക്ഷിക്കാന്‍ നിലവില്‍ സൗകര്യമില്ല. സാധാരണ മരണമാണെങ്കിലും പുതിയ സര്‍ക്കുലര്‍ അനുസരിച്ചു 12 മണിക്കൂറിനു ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ.
ഇത് ഇവിടെയും നാട്ടിലുമുള്ള ബന്ധുക്കളെ ഏറെ പ്രയാസത്തിലാക്കും. അതുകൊണ്ടുതന്നെ നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം ഉടനെ നാട്ടില്‍ അയയ്ക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും സമയനിഷ്ട പൂര്‍ണമായും എടുത്തുകളയണമെന്നുമാണ് ആവശ്യം. മൃതദേഹം തൂക്കി നിരക്ക് ഈടാക്കുന്ന പ്രവണതയും അവസാനിപ്പിക്കേണ്ടതുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യത്തില്‍ നിര്‍ദിഷ്ട സമയപരിധി വയ്ക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അഷ്‌റഫ് പറഞ്ഞു.
https://www.facebook.com/Malayalivartha