ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖല തകര്‍ച്ചയിലേക്ക്

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലെ അനിശ്ചിതത്വം മൂലം കാര്‍ഗോമേഖല ഏറെക്കുറെ നിശ്ചലമാണ്. ആഴ്ചകളായി തുടരുന്ന ഈ പ്രതിസന്ധിക്ക് ഇനിയും പരഹാരമാകാത്തതിനാല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പ്രതിദിനം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 30 മുതല്‍ 40 ടണ്‍വരെ സാധനങ്ങള്‍ പോയിരുന്നത് ഇപ്പോള്‍ നാലോ അഞ്ചോ ടണ്‍ മാത്രമായി കുറഞ്ഞു. പ്രശ്‌നപരിഹാരം തേടി കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നിവേദനം നല്‍കി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എംപിമാരെയും പ്രശ്‌നം ബോധ്യപ്പെടുത്തി. കാര്‍ഗോ പ്രതിസന്ധി ആയിരക്കണക്കിനു തൊഴിലാളികളെയാണു ബാധിച്ചത്. യുഎഇയില്‍ കാര്‍ഗോ മേഖലയില്‍ ആറായിരത്തിലേറെ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസിയില്‍ ഒരു ലക്ഷത്തിലേറെയും. നാട്ടിലെ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തോളം വരും. ഒരു ലോഡിനുള്ള മിനിമം സാധനങ്ങള്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
വേനലവധിക്കു നാട്ടില്‍ പോകുന്നവര്‍ നേരത്തേ വാങ്ങിവച്ച സാധനങ്ങളാണ് അയയ്ക്കുന്നത്. നഷ്ടം സഹിച്ചും സാധനങ്ങള്‍ അയയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഈ നില തുടര്‍ന്നാല്‍ വരുംമാസങ്ങളില്‍ ഒരിടപാടും നടക്കാന്‍ സാധ്യതയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 2,000 രൂപയുടെ സാധനങ്ങള്‍ അയയ്ക്കണമെങ്കില്‍ 41% നികുതിയടയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 20,000 രൂപയ്ക്കു തുല്യമായ സാധനങ്ങള്‍ നികുതിഭാരമില്ലാതെ നാട്ടിലേക്ക് അയയ്ക്കാമായിരുന്ന സംവിധാനം ഇല്ലാതായത് താഴ്ന്ന വരുമാനക്കാരായ ആയിരങ്ങളെയാണു ബാധിച്ചത്.
https://www.facebook.com/Malayalivartha