വയോധികനെ കല്ലെറിഞ്ഞുകൊന്ന കുരങ്ങുകള്‍ക്ക് എതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍

യുപിയില്‍ ബാഗ്പതിലെ തിക്രിയില്‍ ഒരു വയോധികന്‍ കുരങ്ങന്മാരുടെ കല്ലേറിനാല്‍ മരണമടഞ്ഞു. സംഭവത്തില്‍ കുരങ്ങുകള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കയാണ്. എഴുപത്തിരണ്ട് വയസുകാരനായ ധര്‍മപാല്‍സിംഗാണ് കുരങ്ങുകളുടെ ആക്രമണത്തിനു ഇരയായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇഷ്ടിക അടുക്കിവച്ച മരത്തിനു കീഴില്‍ ധര്‍മപാല്‍സിംഗ് ഉറങ്ങുമ്പോള്‍ കുരങ്ങുകള്‍ ഇഷ്ടികകള്‍ക്കു മുകളില്‍ കളിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് പ്രതാപ് സിംഗിന്റെ പക്ഷം.
ഇഷ്ടികയ്ക്കു മുകളില്‍ കുരങ്ങുകള്‍ ചാടിയതോടെ അടുക്കിവച്ച ഇഷ്ടികകള്‍ ധര്‍മപാല്‍സിംഗിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. പരിക്കേറ്റ ധര്‍മപാല്‍സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് രാജീവ് പ്രതാപ് വിശദീകരിച്ചു.
എന്നാല്‍ ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിംഗിനെ കുരുങ്ങുകള്‍ ആക്രമിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ നിന്ന് കുരങ്ങുകള്‍ ഇഷ്ടികകള്‍ എടുത്തെറിയുകയായിരുന്നുവെന്ന് ധര്‍മപാലിന്റെ സഹോദരന്‍ പറഞ്ഞു. നെഞ്ചിലും തലയിലും ഉയരത്തില്‍ നിന്നുള്ള ഏറ് കൊള്ളാനിടയായത് മരണ കാരണമായി.
പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതു കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധര്‍മപാലിന്റെ ബന്ധുക്കള്‍.
https://www.facebook.com/Malayalivartha


























