കിടിലന്‍ ജാക്കറ്റ്: അസംസ്‌കൃതവസ്തുക്കള്‍ പ്ലാസ്റ്റിക് കുപ്പിയും കാപ്പിക്കുരുവിന്റെ തൊണ്ടും

കൂണില്‍നിന്നും കൈതയുടെ ഇലയില്‍നിന്നും ഏത്തപ്പഴത്തിന്റെ തൊലിയില്‍നിന്നുമൊക്കെ വസ്ത്രനിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ എന്നേ വിജയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ഒരു അമേരിക്കന്‍ കമ്പനി, ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും, ഒരു ഉപയോഗവുമില്ലെന്ന് നമ്മള്‍ കരുതുന്ന കാപ്പികുരുവിന്റെ തൊണ്ടും ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലുള്ള കോളാട്രീ എന്ന കമ്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കാപ്പിക്കുരു തൊണ്ടും ഉപയോഗിച്ച് ജാക്കറ്റുകള്‍ നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉരുക്കി അവയില്‍ കാപ്പിക്കുരുവിന്റെ തൊണ്ട് പൊടിച്ച് ചേര്‍ത്താണ് ജാക്കറ്റ് നിര്‍മിക്കുന്നതിനുള്ള നൂല്‍ തയാറാക്കുന്നത്. ഒരു ജാക്കറ്റ് ഉണ്ടാക്കണമെങ്കില്‍ മൂന്ന് കപ്പ് കാപ്പിക്കുരുവും പത്തു പ്ലാസ്റ്റിക് കുപ്പികളും വേണം.
കാപ്പിയുടെ മണമൊന്നും ഇല്ലാത്ത ലൈറ്റ്വെയ്റ്റായ ഈ ജാക്കറ്റുകള്‍ വേഗത്തില്‍ ഉണങ്ങുന്നവയും അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ കഴിയുന്നവയുമാണെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. പച്ച, ചുവപ്പ് , കറുപ്പ് തുടങ്ങി പല നിറങ്ങളില്‍ ഈ ജാക്കറ്റ് ലഭ്യമാണ്. സ്‌കോട്ടിഷ് കമ്പനിയായ ഫിന്‍ദ്രയും സമാനമായ ജാക്കറ്റ് നിര്‍മിച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്പനി വെബ് സൈറ്റിലൂടെ മാത്രം വില്‍പ്പന നടത്തുന്ന ഈ ജാക്കറ്റുകള്‍ താമസിയാതെ ഓഫ്ലൈന്‍ മാര്‍ക്കറ്റുകളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha



























