രണ്ടരമണിക്കൂര്‍ ഇടഞ്ഞുനിന്ന ആന 'കേറി വാടാ മോനേ' എന്ന ഉടമയുടെ ഒറ്റവിളിയില്‍ അനുസരണയോടെ തിരികെ കയറി!
എലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം, ഞായറാഴ്ച രാത്രി 10.30ന് പറമ്പില്‍ തളയ്ക്കുന്നതിനിടയില്‍ വിനോദ് എന്ന കൊമ്പനാന പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ വേഗത്തില്‍ നടന്നു തുടങ്ങി. രണ്ടര കിലോമീറ്ററോളം നടന്ന ആന പാതാളത്തെത്തിയപ്പോള് പള്ളിക്കര റോഡിലേക്കു തിരിഞ്ഞ് പെരിയാറിലേക്ക് ഇറങ്ങി.
പുഴയില്‍ നീന്തിക്കുളിച്ചുകൊണ്ടിരുന്ന ആനയെ പഴക്കുല കാണിച്ചും ഓലമടല് എറിഞ്ഞുകൊടുത്തും അനുനയിപ്പിക്കാന്‍ പാപ്പാന്മാര് ഏറെ നേരം ശ്രമിച്ചുവെങ്കിലും പിണക്കം മാറിയില്ല, കരയ്ക്കു കയറിയതുമില്ല. മയക്കുവെടി വയ്ക്കാന്‍ വിദഗ്ധനെ കൊണ്ടുവരാന്‍ പൊലീസ് തയാറായെങ്കിലും പാപ്പാന്മാര് സമ്മതിച്ചില്ല. ആന കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. തടിച്ചുകൂടിയ നാട്ടുകാര്‍ക്കും ആശങ്കയായി.
വിവരമറിഞ്ഞ് ഉടമ, പാലാ മഞ്ഞക്കടമ്പ് ഷാജി എത്തുകയായിരുന്നു. 'കേറി വാടാ മോനേ, നാണക്കേട് ഉണ്ടാക്കല്ലേ, നാട്ടുകാരെക്കൊണ്ട് പറയിക്കല്ലേ'' എന്ന് ഷാജി പറഞ്ഞ്, നിമിഷങ്ങള്‍ക്കകം വിനോദ് കരയിലേക്ക് കയറിവന്നു. ഉടമയുടെ സ്നേഹത്തോടെയുള്ള വിളികേട്ട് കരയ്ക്കുകയറിയ ആന ഷാജി നല്കിയ പഴവും കഴിച്ച് അനുസരണയോടെ നിന്നു. കണ്ടുനിന്നവര്‍ക്കെല്ലാം കൗതുക കാഴ്ചയായിരുന്നു അത്.
https://www.facebook.com/Malayalivartha