ഫുള്‍ എ പ്ലസ് നേടാന്‍ ദേവികയ്ക്ക് കാലുകള്‍ തന്നെ ധാരാളം!

ആത്മവിശ്വാസത്തിന്റേയും ശുഭപ്രതീക്ഷയുടെയും നേര്‍സാക്ഷ്യമാണ് തേഞ്ഞിപ്പലം ഒലിപ്രം ചോയിമഠത്തില്‍ പാതിരാട്ട് വീട്ടില്‍ ദേവിക.
ശാരീരികമായ പരിമിതി തന്റെ ജീവിത മുന്നേറ്റത്തിന് ഒരിക്കലും തടസമാകില്ലെന്നാണ് എസ്എസ്എല്‍സി പരീക്ഷയിലെ മികച്ച വിജയത്തിലൂടെ ദേവിക ഏവരേയും ബോധ്യപ്പെടുത്തിയിരിക്കുന്നത്. ചുറ്റുമുള്ളവരുടെ പ്രോത്സാഹനവും ഏകാഗ്രതയും ആത്മസമര്‍പ്പണവും സമ്മാനിച്ച വിജയമാണിത്. ഇനി ബിരുദ പഠനവും അതുകഴിഞ്ഞു സിവില്‍ സര്‍വീസുമാണ് ലക്ഷ്യം.
ഇരുകൈകളുമില്ലാതെ ജനിച്ച ദേവിക എസ്എസ്എല്‍സി പരീക്ഷ കാലുകൊണ്ട് തനിച്ചെഴുതിയാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സോടെ വിജയം നേടിയത്. മറ്റുള്ളവര്‍ക്ക് ഇത് വലിയ വിസ്മയമായി തോന്നുമ്പോള്‍ തന്റെ പരിശ്രമത്തിനുള്ള സമ്മാനമായി മാത്രമാണ് ഈ നേട്ടത്തെ ദേവിക കാണുന്നത്. എല്‍പി, യുപി പഠനകാലത്ത് വീട്ടിലിരുന്നായിരുന്നു അധ്യയനം. ഹൈസ്‌കൂളിലെത്തിയപ്പോള്‍ ട്യൂഷന് പോകാന്‍ തുടങ്ങി. ആദ്യമൊക്കെ അമ്മ വാഹനത്തില്‍ ട്യൂഷനു കൊണ്ടുപോകുമായിരുന്നു. പിന്നീട് സഹപാഠി ഷബാന ഷെറിനുമൊത്തായിരുന്നു യാത്രകള്‍.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പിതാവ് സജീവിന്റേയും അച്ഛമ്മയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ദേവികയ്ക്ക് അനുഗ്രഹമാണ്. പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ മിടുക്കി സജീവമാണ്.
നൃത്തം, സംഗീതം എന്നീ മേഖലകളിലും ദേവിക ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. ജെആര്‍സിയില്‍ ഈ വര്‍ഷം ബെസ്റ്റ് കാന്‍ഡിഡേറ്റുമായിട്ടുണ്ട്. തേഞ്ഞിപ്പലം കോഹിനൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതമാണ് ദേവികയുടെ സഹോദരന്‍.
https://www.facebook.com/Malayalivartha