മുപ്പത് വര്‍ഷങ്ങളായി ഒരേ നമ്പരിലുള്ള ലോട്ടറി എടുത്തിരുന്ന വിയറ്റ്നാം സ്വദേശിയെ തേടി ഭാഗ്യ സമ്മാനം
ലോട്ടറിയില്‍ പലതരത്തിലുള്ള പരീക്ഷണങ്ങളും ആളുകള്‍ നടത്താറുണ്ട്. തലേദിവസം അടിക്കുന്ന നമ്പര്‍ പിറ്റേദിവസം എടുക്കുന്നവരുണ്ട്. ചിലര്‍ക്ക് കൗതുകമുള്ള നമ്പരുകളാണ് താത്പര്യം. എന്നാല്‍ ഒരേ നമ്പരുതന്നെ സ്ഥിരമായി എടുക്കുന്നവരെ പരിചയമുണ്ടോ, അതും മുപ്പതുവര്‍ഷമായി!
വിയറ്റ്നാം സ്വദേശിയായ ബോണ്‍ ട്രൂഓങ് കഴിഞ്ഞ മുപ്പതു വര്‍ഷമായി സ്ഥിരമായി ഒരേ നമ്പറിലുള്ള ലോട്ടറികളാണ് എടുക്കാറുള്ളത്. ഒടുവില്‍ ഭാഗ്യദേവത ബോണിനെ കടാക്ഷിക്കുകയും ചെയ്തു. അതും ജാക്പോട്ട് സമ്മാനം നല്കി.
കനേഡിയന്‍ കമ്പനിയുടെ ലോട്ടോ മാക്സ് ലോട്ടറിയുടെ ജാക്ക് പോട്ട് സമ്മാനമായി 60 മില്യണ്‍ ഡോളര്‍ (ഏകദേശം 430 കോടി രൂപ) ആണ് ബോണിന് ലഭിച്ചത്. 2,3,4,8,9,20,30 എന്നീ നമ്പറുകളിലുള്ള ലോട്ടറിയാണ് എടുത്തിരുന്നത്. കുടുംബാംഗങ്ങളുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് നമ്പറുകള്‍ കണ്ടെത്തിയത്. ലോട്ടറിയടിച്ച വിവരമറിഞ്ഞ ബോണ്‍ പക്ഷെ ആരോടും പറഞ്ഞില്ല. പത്തുമാസം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബോണ്‍ തനിക്കാണ് ലോട്ടറിയടിച്ചതെന്ന വിവരം പുറത്തുവിട്ടത്.
ലോട്ടറിയടിച്ച വിവരമറിഞ്ഞ് താന്‍ എന്തുചെയ്യണമെന്ന് അറിയാത്ത നിലയിലായി. ഇത്രയും വലിയ തുക ലഭിക്കുന്നതോടെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഇതിനുള്ള തയാറെടുപ്പായിരുന്നു പിന്നീട് നടത്തിയത്. ഇത്രയും വലിയ തുകയാണ് ലോട്ടറിയടിച്ചതെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ 10 മാസമെടുത്തു. കടങ്ങള്‍ വീട്ടണം, ഒരു വീട് വാങ്ങണം, കുടുംബാംഗങ്ങളോട് ഒത്ത് ചില യാത്രകള്‍ നടത്തണം. പക്ഷെ അത് എങ്ങോട്ടാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല- ബോണ്‍ തന്റെ ആഗ്രഹം വെളിപ്പടുത്തി.
1983-ല്‍ വിയറ്റ്നാമില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് ബോണ്‍. അവിടെ പൂന്തോട്ട സൂക്ഷിപ്പുകാരനായി ജോലി ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രയ്ക്കു ശേഷം തന്റെ ജോലി തുടരാനാണ് ബോണ്‍ ട്രൂഓങിന്റെ തീരുമാനം. 10 മില്യണ്‍ ഡോളറാണ് ലോട്ടോ മാക്സ് ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 70 മില്യണ്‍ ഡോളറാണ് ഉയര്‍ന്ന സമ്മാനം.
https://www.facebook.com/Malayalivartha