ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ നടുക്കടലില്‍...ഇപ്പോള്‍ 26 ദിവസമായി സങ്കടക്കടലില്‍...!
കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൊച്ചുവാപ്പന് (55), ആലപ്പുഴ സ്വദേശി തൈപ്പറമ്പ് ബിജു (51) , തമിഴ്നാട് നാദാപുരം സ്വദേശി ചെല്ലച്ചാമി (51) എന്നിവര്‍ പുറംലോകവുമായി ബന്ധമില്ലാതെ ആഴക്കടലില്‍ മീന്‍പിടിത്തം നടത്തുമ്പോഴായിരുന്നു കരയില്‍ പ്രധാനമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതൊന്നുമറിയാതെ മീന്‍പിടിത്തം കഴിഞ്ഞു പൊന്നാനി ഹാര്ബറിലെത്തിയപ്പോഴാണ് നാട്ടിലെ ലോക് ഡൗണിന്റെ കാര്യം അറിഞ്ഞത്. പിന്നെങ്ങോട്ടും പോകാനാവാതെ അന്ന് പെട്ടുപോയതാണ്.. ഇന്നേക്ക് 26 ദിവസമായി താമസം ബോട്ടില്‍.
ബോട്ടുടമ ഭക്ഷണസാധനങ്ങളെല്ലാം ബോട്ടിലേക്ക് എത്തിക്കുന്നുണ്ട്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളെ ഒരുനോക്ക് കണ്ട് ജോലിക്കായി പൊന്നാനിയിലേക്കു പോന്നതാണ് ചെല്ലച്ചാമി. കുഞ്ഞിനെ ശരിക്കുമൊന്ന് കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. മകളെയും കുഞ്ഞിനെയും ബന്ധുക്കളാണ് വീട്ടിലെത്തിച്ചത്. കൊച്ചുവാപ്പനും ബിജുവുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
പൊന്നാനി ഹാര്‍ബറില്‍ നങ്കൂരമിട്ടിരിക്കുന്ന ബോട്ടിലാണ് കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം. ബോട്ടിനകത്തെ ചൂടാണ് സഹിക്കാന്‍ പറ്റാത്തത്. കടപ്പുറത്തെ കനത്ത ചൂടില്‍ വിയര്ത്തൊലിക്കുന്നതിനു പുറമേ ഇവരുടെ മനസ്സും വേവുകയാണ്.
വീട്ടിലെ കാര്യമോര്‍ക്കുമ്പോഴെല്ലാം നെഞ്ച് പിടയും. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും പലചരക്കു സാധനങ്ങള്‍ ഒപ്പിച്ചുമൊക്കെയാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. മീന്‍പിടിത്തം നടത്താന്‍ അനുവാദമില്ലാത്തതിനാല്‍ വലയും മീന്‍പിടിത്ത ഉപകരണങ്ങളുമെല്ലാം ഇപ്പോള്‍ ബോട്ടില്‍ ഒതുക്കി വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha