നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേവികുളം റോഡിലുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മൂന്നാമത് മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായത്. വിദേശ ഇനങ്ങള്‍ അടക്കം 5000 ത്തോളം ഇനം പുഷ്പങ്ങളാണ് നയന മനോഹര കാഴ്ച ഒരുക്കാനായി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിവിധ വര്‍ണ്ണങ്ങളിലും ആകൃതിയിലും പൂത്തുലഞ്ഞു നില്‍ക്കുന്നത്.
കാശ്മീരില്‍ നിന്നും എത്തിച്ചിരിക്കുന്ന തുലിപ് പുഷ്പങ്ങളും മരുഭൂമികളില്‍ മാത്രം കാണുന്ന കള്ളിമുള്‍ച്ചെടിയും ഡാലിയകളും മേരി ഗോള്‍ഡും, മെലസ്റ്റോമ, ഇംപേഷ്യന്‍സ്, മഗ്നോളിയ ഗ്രാന്റി ഫ്ലോറ, മഗ്നോളിയ ലില്ലി ഫ്ലോറ, വിവിധയിനം റോസുകള്‍, 30 ഇനം ചൈനീസ് ബോള്‍സം, 31 ഇനം അസീലിയ, ആന്തൂറിയം തുടങ്ങിയവ വര്‍ണ്ണവസന്തം തീര്‍ക്കുകയാണ് മൂന്നാറില്‍.
പൂക്കള്‍ കാണാന്‍ മാത്രമല്ല പൂക്കളും വിത്തുകളും വാങ്ങാനുമുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് തുടങ്ങുന്ന മേള രാത്രി 9 വരെ നീളും. പൂക്കളില്‍ തീര്‍ത്ത ആനയും മരംകൊത്തിയും അണ്ണാനുമെല്ലാം സെല്‍ഫി പോയിന്റുകള്‍ ആയി മേളയില്‍ ഇടം നേടിക്കഴിഞ്ഞു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങിലെത്തും. മേള മെയ് 12 നാണ് സമാപിക്കുന്നത്.
https://www.facebook.com/Malayalivartha