ആറില്‍ ആറ്... കടലാസ് പുലികളല്ല തങ്ങളെന്ന് ഇന്ത്യ ഒരിക്കല്‍ കൂടി തെളിയിച്ചു; സിംബാബ്‌വയെ തകര്‍ത്ത് ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് ടീം ഇന്ത്യ

ബ്രണ്ടന്‍ ടെയ്‌ലറുടെ സെഞ്ചുറിക്ക് സുരേഷ് റെയ്‌നയിലൂടെ മറുപടി നല്‍കിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിംബാബ്‌വയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. അവസാന ഇന്നിംഗ്‌സില്‍ സെഞ്ചുറിയോടെ ടീമിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ടെയ്‌ലര്‍ക്ക് വിജയത്തോടെ മടക്കം നല്കാന്‍ സിംബാബ്‌വെന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റിന് ലക്ഷ്യം മറികടന്നു. റെയ്‌ന (പുറത്താകാതെ 110), എം.എസ്.ധോണി (പുറത്താകാതെ 85) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.
92/4 എന്ന നിലയില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായപ്പോഴാണ് ധോണി-റെയ്‌ന സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 196 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ (16), ശിഖര്‍ ധവാന്‍ (4), വിരാട് കോഹ്‌ലി (38), അജിങ്ക്യ രഹാനെ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. 104 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് റെയ്‌ന 110 റണ്‍സ് നേടിയത്. 76 പന്തില്‍ എട്ട് ഫോറും രണ്ടു സിക്‌സും പറത്തിയ ധോണി പന്യങ്കാരയെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
വിടവാങ്ങല്‍ മത്സരത്തില്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 287 റണ്‍സ് നേടിയത്. തുടര്‍ച്ചയായ ആറാം മത്സരത്തിലും എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ ബൗളര്‍മാര്‍ ഫോം നിലനിര്‍ത്തി. 48.5 ഓവറില്‍ സിംബാബ്‌വെ ഇന്നിംഗ്‌സ് അവസാനിച്ചു.
അവസാന മത്സരം കളിച്ച ടെയ്‌ലറുടെ സെഞ്ചുറിയാണ് ആദ്യ പകുതിയുടെ സവിശേഷത. 110 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പടെ 138 റണ്‍സ് നേടിയാണ് ടെയ്‌ലര്‍ മടങ്ങിയത്. ഏകദിനത്തിലെ ടെയ്‌ലറുടെ എട്ടാം സെഞ്ചുറിയാണിത്.
മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം 50 റണ്‍സ് നേടിയ ഷോണ്‍ വില്യംസും ബാറ്റിംഗില്‍ തിളങ്ങി. ടെയ്‌ലര്‍-വില്യംസ് സഖ്യം നാലാം വിക്കറ്റില്‍ 93 റണ്‍സ് സ്‌കോര്‍ ചെയ്തു. ക്രയ്ഗ് എര്‍വിന്‍ (27), സിക്കന്ധര്‍ റാസ (28) എന്നിവരും അവസാന ഓവറുകളില്‍ സ്‌കോറിംഗിന് വേഗം കൂട്ടി.
ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ആര്‍.അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.
പ്രാഥമിക റൗണ്ടിലെ ആറ് മത്സരവും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിക്കുന്നത്. ക്വാര്‍ട്ടറില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ കളിച്ച ആറില്‍ അഞ്ച് മത്സരവും സിംബാബ്‌വെ തോറ്റു. യുഎഇയ്‌ക്കെതിരേ മാത്രമാണ് അവര്‍ക്ക് വിജയം സ്വന്തമാക്കാനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha