ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യയും ആസ്‌ട്രേലിയയും, സിഡ്‌നിയില്‍ തീപാറും പോരാട്ടം

120 കോടി ജനങ്ങള്‍ക്കും ഒരോ ഒരു പ്രാര്‍ഥന മാത്രം, ആസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കണേ എന്ന പ്രാര്‍ഥനയില്‍ മുഖരിതമാണ് ഓരോ ഇന്ത്യന്‍ ആരാധകന്റെയും മനസ്. ലോക ചാമ്പ്യന്‍ പട്ടം നിലനിറുത്താനുള്ള അവസാന പോരാട്ടത്തിന് കടക്കാന്‍ ഇന്ത്യ ഇന്ന് സെമിഫൈനലില്‍ ആതിഥേയരായ ആസ്‌ട്രേലിയയ്‌ക്കെതിരെ കടുത്ത പോരാട്ടത്തിനിറങ്ങുന്നു.സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നുരാവിലെ ഒന്‍പത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രൂപ്പ് റൗണ്ടില്‍ എല്ലാ മത്സരങ്ങളും വിജയിച്ചുവന്ന ടീമാണ് ഇന്ത്യ. ക്വാര്‍ട്ടറില്‍ ബംഗ്‌ളാദേശിനെയാണ് കീഴടക്കിയിരുന്നത്. കഴിഞ്ഞതവണ ഇന്ത്യയോട് ക്വാര്‍ട്ടറില്‍ തോറ്റിരുന്ന ആസ്‌ട്രേലിയ ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ ന്യൂസിലന്‍സിനോട് മാത്രമാണ് തോല്‍വിയറിഞ്ഞത്. ബംഗ്ലാദേശുമായുള്ളമത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ക്വാര്‍ട്ടറില്‍ പാകിസ്ഥാനെയാണ് ആസ്‌ട്രേലിയ മറികടന്നത്. 2003 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ ആസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. 2007ന് ശേഷം ആസ്‌ട്രേലിയ ലോകകപ്പിന്റെ സെമിയിലെത്തുന്നത് ഇപ്പോഴാണ്.
ഓസീസ് മണ്ണില്‍ ഇത്ര ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ടീം അവരെ നേരിടാനൊരുങ്ങുന്ന ചരിത്രം അധികമുണ്ടാകില്ല. ടെസ്റ്റ് പരമ്പരയിലും ത്രിരാഷ്ട്ര പരമ്പരയിലും തോറ്റതിനുശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ ലോകകപ്പിലെ ഏഴു മല്‍സരങ്ങളും ജയിച്ചത്.
എല്ലാം ആധികാരികമായ ജയങ്ങള്‍. എന്നാല്‍, സ്വന്തം മണ്ണിലായിട്ടും അത്ര ആധിപത്യത്തോടെയല്ല ഓസീസിന്റെ വരവ്. പ്രാഥമിക റൗണ്ടില്‍ ന്യൂസീലന്‍ഡിനോടു തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനു മുന്നില്‍ വിറച്ചൊരു ജയവും. പക്ഷേ, പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായി തിരിച്ചടിക്കാനുള്ള സ്വതഃസിദ്ധമായ മികവ് അവര്‍ കാണിച്ചു. സ്വന്തം നാട്ടിലാണെങ്കിലും മറ്റു രണ്ടു കാര്യങ്ങള്‍ കൂടി ഓസ്‌ട്രേലിയ പേടിക്കുന്നുണ്ട്; സ്പിന്നിനെ തുണച്ചേക്കാവുന്ന സിഡ്‌നിയിലെ പിച്ചിനെയും ഇന്ത്യന്‍ ആരാധകര്‍ നിറഞ്ഞുകവിയുന്ന ഗാലറിയെയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha