ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് നേട്ടം; ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയിൽ പ്രതീക്ഷകൾ ഏറെ

യുവ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോഴിതാ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയുടെ ഭാഗമായി നിലവില്‍ ഇംഗ്ലണ്ടിലാണ്. അതേസമയം ഇന്ത്യയുടെ രണ്ടാം നിര ടീം ശ്രീലങ്കയ്ക്കെതിരെ പരിമിത ഓവര്‍ പരമ്ബരകള്‍ക്കായി ശ്രീലങ്കയിലാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്.
ശ്രീലങ്കയ്ക്കെതിരായ പരമ്ബരയില്‍ ഇന്ത്യയെ ഒരു റെക്കോര്‍ഡ് നേട്ടം കൂടി കാത്തിരിക്കുന്നുണ്ട്. പരമ്ബരയില്‍ രണ്ട് വിജയം നേടാനായാല്‍ ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാകും. നിലവില്‍ ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതുവരെ 91 ഏകദിനങ്ങളിലാണ് ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുള്ളത്. 92 വീതം ജയവുമായി ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെയും പാകിസ്ഥാന്‍ ശ്രീലങ്കയെയും 92 ഏകദിനങ്ങളില്‍ തോല്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളും ഓസീസിനാണ്. ഇംഗ്ലണ്ടിനെ 84, തവണയും, ഇന്ത്യയെ 80 തവണയും ഓസീസ് പരാജയപ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.
പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഈ പര്യടനത്തില്‍ ടീമിന്റെ നായകനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.
സമീപകാലങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനങ്ങളാണ് യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നേടിക്കൊടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്, ക്രൂനാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















