ലോര്‍ഡ്സിലെ ചരിത്ര വിജയത്തിന് 19 വയസ്സ്; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകുമോ ദാദയുടെ ആ വിജയാഹ്ളാദം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്വലവുമായ നാറ്റ്വെസ്റ്റ് ട്രോഫി വിജയത്തിന് ഇന്ന് 19 വയസ്സ്. 2002ല്‍ ജൂലൈ 13 നാണ് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ ടീം ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോര്‍ഡ്സില്‍ പുതു ചരിത്രം കുറിച്ചത്. യുവരാജ് സിംഗും മുഹമ്മദ് കൈഫും ആരാധക ഹൃദയത്തില്‍ ഇടം നേടിക്കൊടുത്ത ആ ദിവസം. ലോര്‍ഡ്സില്‍ ബാല്‍ക്കണിയിലിരുന്ന് ഗാംഗുലി തന്റെ ജേഴ്സിയുരി വിജയം ആഘോഷിച്ചതും മറക്കാനാവാത്ത ദൃശ്യങ്ങളിലൊന്നാണ്.
പത്തൊന്‍പത് വര്‍ഷം മുന്‍പൊരു ജൂലൈ 13. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സില്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കാണികളെ സാക്ഷിനിര്‍ത്തി ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍ മത്സരത്തിനായി മൈതാനത്തേക്ക്.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നിക്ക് നൈറ്റും ട്രെസ്കോത്തിക്കും ഓപ്പണിംഗ്. നിക്ക് നൈറ്റിനെ 14 റണ്‍സെടുത്തു നില്‍ക്കെ പലവിയനിലേക്ക് അയച്ച് സഹീര്‍ഖാന്‍ ഇംഗ്ലണ്ടിന് ആദ്യ അഘാതം ഏല്‍പ്പിച്ചു. എന്നാല്‍ മൂന്നാമനായെത്തിയ നാസര്‍ ഹുസ്സൈനെ കൂട്ടുപിടിച്ച് മാര്‍ക്കസ് ട്രെസ്കോതിക് ഉജ്ജ്വല ബാറ്റിംഗ് കാഴ്ച്ച വച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലു കൊണ്ട് വശം കെട്ടു. 185 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.
ട്രെസ്കോതിക് നൂറും നാസര്‍ ഹുസ്സൈന്‍ 115 ഉം റണ്‍സെടുത്തു. 40 റണ്‍സെടുത്ത ആന്‍ഡ്രൂ ഫ്ലിന്റോഫും കാര്യമായി സംഭാവന നല്‍കി. അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്ത ഇംഗ്ളീഷുകാര്‍ വിജയം ഉറപ്പിച്ച ശരീര ഭാഷയായിരുന്നു മൈതാനത്ത് പ്രകടിപ്പിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്ടന്‍ സൗരവ് ഗാംഗൂലിയും വീരേന്ദ്ര സെവാഗും സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഡാരന്‍ ഗഫിനേയും ഫ്ലിന്റോഫിനേയുമൊക്കെ ഓഫ്സൈഡില്‍ കൂടി പലതവണ ബൗണ്ടറി കടത്തിയ ഗാംഗുലി 43 പന്തില്‍ അറുപത് റണ്‍സെടുത്തു നില്‍ക്കെ പുറത്തായി. പിന്നീട് 146 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ അതും സച്ചിനും ദ്രാവിഡുമടക്കമുള്ളവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.
ക്രീസില്‍ ഒത്തു ചേര്‍ന്ന യുവരാജ് സിംഗും മുഹമ്മദ് കൈഫും ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തതോടെ ഇന്ത്യന്‍ സ്കോര്‍ നീങ്ങിത്തുടങ്ങി. പതിയെ ആക്രമണാത്മക ബാറ്റിംഗിലേക്ക് ചുവടുമാറ്റിയ യുവരാജ് സിംഗ് പന്തിനെ പല തവണ അതിര്‍ത്തി കടത്തി. ചടുലമായ ബാറ്റിംഗും വിക്കറ്റിനിടയിലെ വേഗതയേറിയ ഓട്ടവുമായി മുഹമ്മദ് കൈഫും അടിച്ചു കയറിയതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു. സ്കോര്‍ 267 ല്‍ എത്തിനില്‍ക്കെ യുവരാജ് മടങ്ങിയെങ്കിലും ഹര്‍ഭജനെ കൂട്ടു പിടിച്ച് കൈഫ് ടീമിന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല്‍പ്പത്തിയെട്ടാം ഓവറില്‍ ഹര്‍ഭജനേയും കുംബ്ലെയേയും ഫ്ലിന്റോഫ് മടക്കിയെങ്കിലും നിശ്ചയ ദാര്‍ഢ്യത്തോടെ ഉറച്ചു നിന്ന് മുഹമ്മദ് കൈഫ് മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടീമംഗങ്ങള്‍ കൈഫിനെയും സഹീറിനേയും വാരിപ്പുണരുന്നതിനിടെ ഇന്ത്യയുടെ ഗ്യാലറിയില്‍ നിന്ന് വിജയാഹ്ലാദം ഉയര്‍ന്നു. നായകന്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി വീശി അലറുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി സ്ക്രീനുകളില്‍ മിന്നിമറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് മുംബൈ വാംഖഡേയില്‍ ഷര്‍ട്ടൂരി വീശിയ ആന്‍ഡ്രൂ ഫ്ലിന്റോഫിനുള്ള കൃത്യമായ മറുപടി കൂടിയായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ദിശാബോധം നല്‍കിയ സംഭവം തന്നെയായിരുന്നു ആ ഷര്‍ട്ടൂരി വീശല്‍. സ്ലെഡ്ജിംഗ് എന്ന ഓമനപ്പേരില്‍ ക്രിക്കറ്റിലെ വമ്ബന്മാര്‍ക്ക് ഇന്ത്യക്കാര്‍ക്ക് നേരേ എന്തും പ്രയോഗിക്കാമെന്ന ധാര്‍ഷ്ട്യത്തിന്റെ നെറും തലയ്ക്കേറ്റ അടിയായിരുന്നു അത്. പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ബൗളര്‍മാരുടെ ചീത്ത വിളികള്‍ കേട്ട് വിക്കറ്റ് വലിഞ്ഞെറിഞ്ഞ് കൂടാരം കയറിയിരുന്നവര്‍ കണ്ണുകളിലേക്ക് നോക്കി തിരിച്ചു മറുപടി പറഞ്ഞു. ജയത്തിനടുത്ത് ഇടറി വീഴാതെ പോരാടി വിജയം നേടി. ക്യാപ്ടനെന്നാല്‍ ഇങ്ങനെ വേണമെന്ന് മറ്റുള്ളവര്‍ അസൂയയോടെ പറഞ്ഞ ആ നായകന്‍ സൗരവ് ചണ്ഡിദാസ് ഗാംഗുലിയാകട്ടെ ടീമിന്ത്യക്ക് ദിശാബോധം നല്‍കി നിരവധി വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. 2002 ജൂലൈ 13 ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലായത് അങ്ങനെയാണ്.
https://www.facebook.com/Malayalivartha






















