ഇന്ത്യന്‍ ടീമിന് വേണ്ടി സ്വന്തം കഴിവിനോട് നീതി പുലര്‍ത്താന്‍ സഞ്ജു സാംസന് സാധിച്ചിട്ടില്ലെന്ന് വസിം ജാഫര്‍

ശ്രീലങ്കയ്ക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്ബരകളില്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ പ്രകടനത്തിന് വേണ്ടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. പര്യടനത്തില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം കഴിവിനോട് നീതി പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലയെന്നും വസിം ജാഫര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2015 ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും നീലകുപ്പായത്തില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചില്ല. 7 ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള സഞ്ജുവിന് 11.86 ശരാശരിയില്‍ 83 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ.
" പര്യടനത്തില്‍ ഞാന്‍ നോക്കികാണുന്ന മറ്റൊരു താരം സഞ്ജു സാംസനാണ്. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി സ്വന്തം കഴിവിനോട് നീതി പുലര്‍ത്താന്‍ അവന്‍ സാധിച്ചിട്ടില്ലയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. "
" ഐ പി എല്ലില്‍ റണ്‍സ് നേടാന്‍ അവന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റ്സ്മാനെന്ന പേര് അവന് ലഭിച്ചിട്ടുണ്ട്. അവന്‍ ഒരു മത്സരത്തില്‍ റണ്‍സ് നേടിയാല്‍ പിന്നീടുള്ള മൂന്നോ നാലോ മത്സരങ്ങളില്‍ കുറഞ്ഞ സ്കോറിന് പുറത്താകും. അതിന് ശേഷം വീണ്ടും അവന്‍ റണ്‍സ് സ്കോര്‍ ചെയ്യും. ഈ പിഴവ് അവന്‍ പരിഹരിക്കേണ്ടതുണ്ട്. " വസിം ജാഫര്‍ പറഞ്ഞു.
" ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായതിന് ശേഷം അവനില്‍ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതല്‍ ഉത്തരവാദിത്വത്തോടെ കൂടുതല്‍ മത്സരങ്ങളില്‍ അവന്‍ കളിച്ചു. അവനില്‍ നിന്നും നമ്മള്‍ കാണാനാഗ്രഹിക്കുന്നതും അതുതന്നെയാണ് കാരണം അസാമാന്യ കഴിവ് സഞ്ജുവിനുണ്ട്. " വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഐ പി എല്ലില്‍ 114 മത്സരങ്ങളില്‍ നിന്നും 28.89 ശരാശരിയില്‍ 2861 റണ്‍സ് സഞ്ജു സാംസണ്‍ നേടിയിട്ടുണ്ട്. 2021 സീസണില്‍ 7 മത്സരങ്ങളില്‍ നിന്നും 46.16 ശരാശരിയില്‍ 277 റണ്‍സും സഞ്ജു നേടിയിരുന്നു.
https://www.facebook.com/Malayalivartha






















