രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; ഇന്ത്യക്ക് 276 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാഡോയുടെയും (50) അസ്സലങ്കയുടെയും (65) അര്‍ദ്ധസെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക ഈ സ്‌കോര്‍ നേടിയത്. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതവും, ദീപക് ചഹര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
രണ്ടാം ഏകദിനത്തിലും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ ടീമിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത്. എന്നാല്‍ 14ആം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി യുസ്വേന്ദ്ര ചഹല്‍ ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കി. 14ആം ഓവറില്‍ ഭാനുകയെ മനീഷ് പാണ്ഡേയുടെ കൈകളില്‍ എത്തിച്ചുകൊണ്ട് യുസ്വേന്ദ്ര ചഹല്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു. 36 റണ്‍സെടുത്താണ് ഭാനുക മടങ്ങിയത്. പകരമെത്തിയ രജപക്‌സയെ തൊട്ടടുത്ത പന്തില്‍ തന്നെ ചഹല്‍ മടക്കി. സ്‌കോര്‍ 124ല്‍ എത്തിയപ്പോഴാണ് മൂന്നാം വിക്കറ്റ് വീണത്. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഫെര്‍ണാഡോയാണ് മടങ്ങിയത്. പത്തു റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഡീ സില്‍വയും കൂടാരം കയറി. നായകന്‍ ദാസുന്‍ ഷണകയ്ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരു ഭാഗത്ത് അസ്സലങ്ക സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. 48ആം ഓവറിലാണ് അസ്സലങ്ക വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവ നിര ശ്രീലങ്കയെ തകര്‍ത്ത് വിട്ടതിലൂടെ തങ്ങള്‍ രണ്ടാം നിരക്കാരല്ല മറിച്ച് മുന്‍നിരക്കാര്‍ തന്നെയാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ്. ആദ്യ ഏകദിനം ജയിച്ച് മൂന്ന് മത്സര പരമ്ബരയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്ന് പരമ്ബര നേട്ടം മുന്നില്‍ക്കണ്ട് രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ്. ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാകും ധവാനും സംഘവും ഇന്നിറങ്ങുക. ക്യാപ്റ്റനായുള്ള ആദ്യ ഏകദിനം ജയിച്ച ധവാന്‍ പരമ്ബര നേടി തന്റെ കരിയറിലേക്ക് മറ്റൊരു നേട്ടം കൂടി ചേര്‍ക്കാനാവും ലക്ഷ്യമിടുന്നത്. അതേസമയം ഈ മത്സരം തോറ്റാല്‍ പരമ്ബര നഷ്ടമാകുമെന്നിരിക്കെ കൈമെയ് മറന്ന് പോരാടാന്‍ ഉറച്ചാകും ലങ്കന്‍ സംഘം ഇറങ്ങുക.
https://www.facebook.com/Malayalivartha






















