'അവര്‍ പ്രതികരിച്ചു. നമ്മള്‍ പ്രതിസന്ധി ഘട്ടത്തില്‍ ജയിക്കാന്‍ വഴി കണ്ടെത്തി ചാമ്പ്യന്‍ ടീമിനെ പോലെ തിരിച്ച് പ്രതികരിച്ചു. അതിശയകരമായ ജയം'; ദ്രാവിഡിന്റെ ചാണക്യ തന്ത്രങ്ങളെ പ്രസംശിച്ച് ക്രിക്കറ്റ് ലോകം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനവും ജയിച്ചതോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്താല്‍ രണ്ടാം നിര ടീമുമായി ശ്രീലങ്കയിലേക്ക് തിരിച്ച ഇന്ത്യന്‍ ടീം തങ്ങള്‍ മുന്‍നിരക്കാര്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്നലെ തോല്‍വിയിലേക്ക് പോയ മത്സരം ഇന്ത്യ തിരികെ പിടിച്ചത് വാലറ്റത്ത് ദീപക് ചഹര്‍- ഭുവനേശ്വര്‍ കുമാര്‍ കെട്ടിപ്പടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. ശ്രീലങ്കയുടെ 276 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റുകളും അഞ്ച് പന്തും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
പ്രമുഖ സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ പരമ്ബര നേട്ടത്തില്‍ പരിശീലക വേഷത്തില്‍ എത്തിയ രാഹുല്‍ ദ്രാവിഡിന്റെ പങ്ക് ചെറുതല്ല. കൃത്യമായ താരവിന്യാസത്തിലൂടെയും യുവതാരങ്ങള്‍ക്ക് വേണ്ട ആത്മവിശ്വാസം നല്‍കിയും ദ്രാവിഡ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്. ഇന്നലത്തെ മത്സരത്തില്‍ ഭുവനേശ്വറിനെ മാറ്റി എട്ടാം നമ്ബറില്‍ ദീപക് ചഹറിനെ ഇറക്കാനുള്ള ദ്രാവിഡിന്റെ ചാണക്യ തന്ത്രമായിരുന്നു മത്സരഗതിയെ മാറ്റി മറിച്ചത്. ഇപ്പോഴിതാ മത്സരശേഷം ഡ്രെസ്സിങ് റൂമിലെ ദ്രാവിഡിന്റെ പ്രസംഗവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'അവര്‍ പ്രതികരിച്ചു. നമ്മള്‍ പ്രതിസന്ധി ഘട്ടത്തില്‍ ജയിക്കാന്‍ വഴി കണ്ടെത്തി ചാമ്ബ്യന്‍ ടീമിനെ പോലെ തിരിച്ച് പ്രതികരിച്ചു. അതിശയകരമായ ജയം'- ദ്രാവിഡ് വീഡിയോയില്‍ പറയുന്നു. ബി സി സി ഐയാണ് ഡ്രെസ്സിങ് റൂമിലെ വീഡിയോ പങ്കുവെച്ചത്. സൂര്യകുമാര്‍ യാദവ്, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
മത്സരശേഷം ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാകണം എന്ന അഭിപ്രായങ്ങള്‍ ശക്തമായി ഉയരുകയാണ്. മത്സരത്തിനിടെ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി ദ്രാവിഡ് ഡഗ് ഔട്ടിലേക്ക് ഇറങ്ങി വന്നിരുന്നു. ഇന്ത്യ സജീവ വിജയ പ്രതീക്ഷയില്‍ നിന്ന സമയത്ത് ദീപക് ചഹര്‍ ചില മോശം വലിയ ഷോട്ടുകള്‍ കളിച്ചിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനായി രാഹുല്‍ ചഹറിലൂടെ സന്ദേശം ദീപകിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്നിങ്സിന്റെ 44ആം ഓവര്‍ പൂര്‍ത്തിയായ സമയത്താണ് രാഹുല്‍ ദ്രാവിഡ് ഡഗ് ഔട്ടിലെത്തുകയും സന്ദേശം പന്ത്രണ്ടാമനായ രാഹുല്‍ ചഹറിന് കൈമാറുകയും ചെയ്തത്. 47ആം ഓവറില്‍ ദീപക് ചഹറിന് പരിക്ക് പറ്റിയിരുന്നു. മെഡിക്കല്‍ സംഘത്തോടൊപ്പം ഗ്രൗണ്ടിലെത്തിയാണ് രാഹുല്‍ ചഹര്‍ ദീപകിനും ഭുവിക്കും സന്ദേശം കൈമാറിയത്.
സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യുവ താരങ്ങളെ വളര്‍ത്തിയെടുത്ത് കൊണ്ടുവന്ന ദ്രാവിഡിന്റെ ശ്രമങ്ങളാണ് ഇന്ത്യയുടെ റിസര്‍വ് നിരയുടെ കരുത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണവും.
https://www.facebook.com/Malayalivartha






















