ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം

ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. മഴമൂലം 47 ഓവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 227 റണ്‍സായിരുന്നു ശ്രീലങ്കയുടെ ലക്ഷ്യം. 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം കണ്ടു.
ശ്രീലങ്കയ്ക്കായ ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയും ഭാനുക രാജപക്സെയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈയില്‍നിന്നും തെന്നിമാറി. അവിഷ്ക ഫെര്‍ണാണ്ടോ 98 പന്തില്‍ 76 റണ്‍സും ഭാനുക രാജപക്സെ 56 പന്തില്‍ 65 റണ്‍സുമെടുത്തു. ചാരിത് അസലങ്ക 24 റണ്‍സും രമേശ് മെന്‍ഡിസ് പുറത്താകാതെ 15 റണ്‍സുമെടുത്ത് ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്കായി രാഹുല്‍ ചഹാര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
പരന്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ച് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ന് ഇറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷാ(49), സഞ്ജു സാംസണ്(46), സൂര്യകുമാര്‍ യാദവ്(40) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ സാധിച്ചില്ല. 43.1 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു. അകില ധനന്‍ജയയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റിനുടമയായി.
https://www.facebook.com/Malayalivartha






















