ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്; രാഹുലിനും ജഡേജക്കും അര്‍ധസെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. അര്‍ധസെഞ്ച്വറി നേടിയ കെ.എല്‍. രാഹുലിന്‍റെയും (84) രവീന്ദ്ര ജദേജയുടെയും (56) മികവില്‍ ഇന്ത്യ 278 റണ്‍സെടുത്തു. ആദ്യ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനെ 183 റണ്‍സിന് പുറത്താക്കിയിരുന്നു.
മഴ തടസപ്പെടുത്തിയ രണ്ടാം ദിനം നാലിന് 125 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. 57 റണ്‍സുമായി രാഹുലും ഏഴു റണ്‍സുമായി ഋഷഭ് പന്തുമായിരുന്നു ക്രീസില്‍.
പന്ത് വേഗത്തില്‍ 25 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തുവെങ്കിലും മൂന്നാം ദിവസം ഒലി റോബിന്‍സണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ജദേജ 16ാം ടെസ്റ്റ് അര്‍ധശതകം തികച്ചെങ്കിലും ബൂംറ (28), ശര്‍ദുല്‍ ഠാക്കൂര്‍ (0), മുഹമ്മദ് ഷമി (28) എന്നിവരുടെ വിക്കറ്റുകള്‍ വേഗത്തില്‍ പിഴുത് ഇംഗ്ലണ്ട് ഇന്ത്യയെ കൂറ്റന്‍ ലീഡില്‍ നിന്ന് തടുത്തു. മുഹമ്മദ് സിറാജ് ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.
ഒലി റോബിന്‍സണ്‍ ടെസ്റ്റിലെ കന്നി അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേ സമയം നാലു വിക്കറ്റ് പിഴുത വെറ്ററന്‍ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായി മാറി. രാഹുലിനെ പുറത്താക്കിയാണ് ജിമ്മി നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയെയാണ് (619) മറികടന്നത്. മുത്തയ്യ മുരളീധരനും (800) ഷെയ്ന് വോണും (708) മാത്രമാണ് ഇനി 39കാരന്‍റെ മുന്നിലുള്ളത്.
https://www.facebook.com/Malayalivartha






















