ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോര്‍ഡ്സില്‍; മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റെ ഗാംഗുലിയും

ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോര്‍ഡ്സില്‍ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്സ് സ്റ്റേഡിയത്തിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജില്‍ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ലോര്‍ഡ്സില്‍ ആദ്യ ദിനം പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന സൂചനയുള്ളതിനാല്‍ നിലവിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. നാല് പേസര്‍മാരും സ്പിന്നറായി ജഡേജയും കളിച്ചേക്കും. ലോര്‍ഡ്സിലെ പിച്ചില്‍ അധിക ബൗണ്‍സിന് സാധ്യതയുള്ളതിനാല്‍ ടെന്നീസ് പന്ത് ഉപയോഗിച്ചായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരിശീലനം. ജെയിംസ് ആന്‍ഡേഴ്സിന് മുന്നില്‍ ആദ്യ ടെസ്റ്റില്‍ കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു.
ആദ്യ ടെസ്റ്റിലെ പ്രതിസന്ധി മാറിക്കടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഓള്‍റൗണ്ടര്‍ മോയിന്‍ അലി ടീമില്‍ തിരിച്ചെത്തും. ബാറ്റിംഗിലും മാറ്റം വന്നേക്കും. സാക്ക് ക്രൗലിക്കിന് അവസരം നഷ്ടമാകുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിന് ഭീഷണിയായ മഴ ലോര്‍ഡ്സില്‍ തടസ്സമാവില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















