രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ആന്‍ഡേഴ്സന് അഞ്ച് വിക്കറ്റ്; ഇന്ത്യ 364 റണ്‍സിന് പുറത്തായി

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനത്തില്‍ 276-3 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 364 റണ്‍സിന് പുറത്തായി. രണ്ടാം ദിനത്തില്‍ തങ്ങളുടെ സ്കോര്‍ബോര്‍ഡിലേക്ക് 88 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്ത് വിട്ടത്. ഇന്ത്യന്‍ മധ്യനിരയില്‍ ജഡേജ (40), പന്ത് (37) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത്. കെ എല്‍ രാഹുല്‍ 129 റണ്‍സ് എടുത്ത് പുറത്തായി.
ഒന്നാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടി ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ അതേ പ്രകടനം തുടരാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനത്തില്‍ ആദ്യ ദിനത്തില്‍ നിറം മങ്ങിയ ഇംഗ്ലണ്ട് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ദിനത്തില്‍ കണ്ടത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഇന്ത്യന്‍ താരങ്ങള്‍ പെട്ടെന്ന് തന്നെ കൂടാരം കയറുകയായിരുന്നു. രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെ ആയിരുന്നു. തലേദിവസം സെഞ്ചുറി നേടി 127 റണ്‍സോടെ രണ്ടാം ദിനത്തില്‍ ക്രീസില്‍ എത്തിയ രാഹുലിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ റോബിന്‍സണ്‍ മടക്കി. ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്തെങ്കിലും രണ്ടാം പന്തില്‍ കവറില്‍ സിബ്ലിക്ക് അനായാസ ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. 129 റണ്‍സാണ് താരം നേടിയത്. നിലയുറപ്പിച്ചു കളിക്കുകയായിരുന്ന രാഹുല്‍ പുറത്തായതോടെ ഇന്ത്യ പതറി.
പിന്നാലെ രഹാനെയും മടക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നല്‍കി. രണ്ടാം ദിനത്തിലെ തന്റെ ആദ്യ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ജെയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലേക്ക് ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്താവുകയായിരുന്നു. 23 പന്തില്‍ നിന്നും കേവലം ഒരു റണ്‍ മാത്രമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ നേടിയത്.
276ന് മൂന്ന് എന്ന നിലയില്‍ നിന്നും 282-5 എന്ന നിലയിലേക്ക് വീണ് തകര്‍ച്ച മുന്നില്‍ക്കണ്ട് നിന്ന ഇന്ത്യയെ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് പതിയെ കളിയിലേക്ക് മടക്കി കൊണ്ടുവന്നു. എന്നാല്‍ സ്കോര്‍ 327ല്‍ നില്‍ക്കെ പന്തിനെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. 58 പന്തില്‍ 37 റണ്‍സായിരുന്നു പന്തിന്‍റെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീന്‍ അലിയുടെ ഓവറില്‍ ഷമിയും വീണതോടെ ഇന്ത്യ വീണ്ടും കൂട്ടത്തകര്‍ച്ചയിലേക്ക് പോകുന്നു എന്ന നിലയിലായി. എന്നാല്‍ അവിടുന്ന് ജഡേജയും ഇഷാന്തും ചേര്‍ന്ന് പതുക്കെ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ചേര്‍ത്ത് കൊണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ 347-7 എന്ന നിലയിലായിരുന്നു. ഇന്ത്യ.
ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ആന്‍ഡേഴ്സണ്‍ ഇഷാന്തിനെ മടക്കി. 29 പന്തില്‍ നിന്നും എട്ട് റണ്‍സാണ് ഇഷാന്ത് നേടിയത്. പിന്നീട് വന്ന ബുംറയെ ആന്‍ഡേഴ്സണ്‍ മടക്കിയപ്പോള്‍ കഴിഞ്ഞ ടെസ്റ്റില്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയ ജഡേജയെ തൊട്ടടുത്ത ഓവറില്‍ ആദ്യ പന്തില്‍ തന്നെ മടക്കി മാര്‍ക്ക് വുഡ് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 120 പന്തുകള്‍ നേരിട്ട ജഡേജ 40 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ അഞ്ച്, റോബിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൊയീന്‍ അലി ഒരു വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha






















