ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും 28ാ൦ വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്; അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കുമെന്ന് സൂചന

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും തന്റെ 28ാ൦ വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഉന്മുക്ത് ചന്ദ്. 2012ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ എ ടീമിന്റെയും ക്യാപ്റ്റന്‍ ആയിട്ടുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉന്മുക്ത് ചന്ദ് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഉന്‍മുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ സീനിയര്‍ ടീമിലേക്ക് കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ മറ്റിടങ്ങളില്‍ മികച്ച അവസരങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് വിരമിക്കുന്നതെന്നാണ് താരം അറിയിച്ചത്. അമേരിക്കയില്‍ കളിക്കുന്നതിന് വേണ്ടിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. നേരത്തെ അമേരിക്കയ്ക്ക് വേണ്ടി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ ചന്ദ് നിഷേധിച്ചിരുന്നു. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആ സൂചനകള്‍ വീണ്ടും ശക്തമാവുകയാണ്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 111 റണ്‍സ് നേടി പുറത്താകാതെ നിന്ന ചന്ദിന്റെ മികവിലാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്നാണ് ഇതിനെ വിലയിരുത്തുന്നത്. ലോകകപ്പ് നേടിയതോടെ താരത്തിന് മേല്‍ വലിയ പ്രതീക്ഷയാണ് എല്ലാവരും അര്‍പ്പിച്ചതെങ്കിലും അണ്ടര്‍ 19 തലത്തില്‍ പുലര്‍ത്തിയ മികവ് താരത്തിന് പിന്നീട് തുടരാന്‍ കഴിഞ്ഞില്ല.
67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 31.57 ശരാശരിയില്‍ 3379 റണ്‍സും 120 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 41.33 ശരാശരിയില്‍ 4505 റണ്‍സും ഉന്മുക്ത് ചന്ദ് നേടിയിരുന്നു. ടി20 ക്രിക്കറ്റില്‍ 77 മത്സരങ്ങളില്‍ നിന്നും 1565 റണ്‍സും ചന്ദ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ( ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്), മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.2015ല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമിലെ അംഗമായിരുന്നു.
https://www.facebook.com/Malayalivartha






















