ലോര്‍ഡ്‌സിൽ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ഇംഗ്ലീഷ് ആരാധകന്‍; ചിരി പടര്‍ത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ഇംഗ്ലീഷ് ആരാധകന്‍. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന ആരാധകനെ പിടികൂടാന്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ ഇയാള്‍ തന്റെ ജേഴ്‌സിയിലെ ഇന്ത്യയുടെ ലോഗോ ചൂണ്ടിക്കാണിച്ച് താന്‍ ഇന്ത്യന്‍ താരമാണെന്ന് പറഞ്ഞത് കണ്ടുനിന്നവരില്‍ ചിരി പടര്‍ത്തി. ഇംഗ്ലണ്ട് ആരാധകന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്ന ജഡേജക്കും സിറാജിനും ഇത് കണ്ട് ചിരി അടക്കാന്‍ സാധിച്ചിരുന്നില്ല.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷനിലെ കളി ആരംഭിക്കുന്നതിനായി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജേഴ്‌സിയില്‍ ജാര്‍വോ (Jarvo) എന്ന് പേരെഴുതിയ വ്യക്തി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത്. ടീം ഇന്ത്യയുടെ ജേഴ്സിയില്‍ വന്ന ഇയാളെ താരങ്ങള്‍ക്ക് പോലും ആദ്യം പിടികിട്ടിയില്ല. എന്നാല്‍ കുപ്പായത്തിന് പിന്നില്‍ ജാര്‍വോ എന്ന് പേരെഴുതിയിട്ടുള്ള കാണിയെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ പിടികൂടി. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗ്രൗണ്ടിലെത്തി ഇയാളെ തിരിച്ചുവിടാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഉണ്ടായ രംഗങ്ങള്‍ കണ്ട് ഇന്ത്യന്‍ കളിക്കാര്‍ മാത്രമല്ല മത്സരത്തിന്റെ കമന്ററി പറയുകയായിരുന്നു കമന്‍റേറ്റര്‍മാരെ വരെ ചിരിപ്പിച്ചു. ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് ബലമായി ഗ്രൗണ്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എങ്കിലും ഈ ആരാധകന്റെ പ്രവര്‍ത്തി നിമിഷം നേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു.
ഏതായാലും ലോര്‍ഡ്‌സ് ടെസ്റ്റിലെ മൂന്നാം ദിനം നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ ആരാധകന്റെ പ്രവര്‍ത്തി കണ്ടിന്നുന്നവരില്‍ ചിരി പടര്‍ത്തിയതാണ് ഒരു രംഗമെങ്കില്‍ മറ്റേത് അല്പം ഗൗരവസ്വഭാവമുള്ളതായിരുന്നു.
മത്സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരില്‍ ഒരു സംഘം ഇന്ത്യന്‍ താരമായ രാഹുലിന് നേരെ വൈന്‍ കോര്‍ക്കുകള്‍ എറിഞ്ഞതായിരുന്നു സംഭവം. ഇംഗ്ലണ്ട് ആരാധകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്‌ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്ബയര്‍മാരായ മൈക്കല്‍ ഗോയിനെയും റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനെയും സമീപിച്ചതിനെ തുടര്‍ന്ന് കളി അല്പനേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
https://www.facebook.com/Malayalivartha






















